എറണാകുളം : സില്‍വര്‍ലൈന്‍ എത്രമാത്രം ജനവിരുദ്ധ പദ്ധതിയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സില്‍വര്‍ലൈന്‍ ലാഭകരമാകണമെങ്കില്‍ കേരളത്തിലെ ദേശീയപാതകളൊന്നും വികസിപ്പിക്കരുതെന്നാണ് ഡിപിആറില്‍ പറയുന്നത്. സാധാരണ ട്രെയിനുകളിലെ സെക്കന്‍ഡ്, തേര്‍ഡ് ക്ലാസ് എസി ടിക്കറ്റ് നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ സില്‍വര്‍ലൈന്‍ നഷ്‌ടത്തിലാകുമെന്നും പറയുന്നു.
ബസ് ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ സില്‍വര്‍ലൈനില്‍ ആളുണ്ടാകില്ലെന്നും റോഡുകളിലെ ടോള്‍ നിരക്കുകള്‍ കൂട്ടണമെന്നും ഡിപിആറില്‍ പരാമര്‍ശിക്കുന്നുണ്ട്. അക്ഷരാര്‍ഥത്തില്‍ വരേണ്യവര്‍ഗത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയായി സില്‍വര്‍ ലൈന്‍ മാറുകയാണ്. ഇതുപോലൊരു പദ്ധതി നടപ്പാക്കാന്‍ കമ്മ്യൂണിസ്റ്റുകാരെന്നും ഇടതുപക്ഷമെന്നും അഭിമാനിച്ച് നടക്കുന്ന ഈ സര്‍ക്കാരിന് കഴിയുമോ?
ഇതൊരു ജനവിരുദ്ധ പദ്ധതിയാണെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡിപിആറിന്‍റെ ഏതാനും പേജുകളില്‍ തന്നെ വ്യക്തമാണ്. കേരളത്തിന്‍റെ തലയ്ക്ക് മീതേ കടബാധ്യതയുണ്ടാക്കി വരാനിരിക്കുന്ന തലമുറയ്ക്കു പോലും കടംകൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്ന പദ്ധതിയാണിത്. ഇതുപോലുള്ള രഹസ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇത്രകാലവും ഡിപിആര്‍ ഒളിപ്പിച്ചുവച്ചത്.
ഇപ്പോള്‍ വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ഡിപിആര്‍ പോളിഷ് ചെയ്‌ത് ഇറക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതുവരെ പുറത്തുവന്ന ഡിപിആറിന്‍റെ ഭാഗങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ല. യഥാര്‍ഥ ഡിപിആര്‍ വളച്ചൊടിച്ച് അവതരിപ്പിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്.
പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വാശിപിടിച്ചാല്‍ അനുവദിക്കില്ലെന്നതാണ് പ്രതിപക്ഷത്തിന്‍റെ മറുപടി. ജനങ്ങളെ ബോധവത്കരിച്ച് പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ജനത്തെ പദ്ധതിയുടെ ദോഷവശങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷത്തിനും കഴിയും. ഇതുസംബന്ധിച്ച ലഘുലേഖ യുഡിഎഫ് അടുത്തദിവസം പുറത്തിറക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.