എറണാകുളം : മദ്യവിൽപ്പന ശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്‌ച പാടില്ലെന്ന് ഹൈക്കോടതി. ബെവ്റേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റുകളിൽ മതിയായ സൗകര്യങ്ങളൊരുക്കണമെന്ന വിധി നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ക്യൂവും തിരക്കും ഇത്രയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞത് കോടതി ഇടപെട്ടതുകൊണ്ടാണ്. ഒരർഥത്തിൽ കൊവിഡ് മൂന്നാം തരംഗത്തെ നിയന്ത്രിക്കുന്നതിന് ഇത് സഹായകമായി. സർക്കാർ ഇക്കാര്യം പറയില്ലെങ്കിലും കോടതിക്ക് അത് പറയാൻ മടിയില്ല. മദ്യവിൽപ്പന ശാലകൾക്ക് മുന്നിലെ തിക്കും തിരക്കും തുടരാൻ അനുവദിച്ചിരുന്നെങ്കിൽ ദുരന്തം വിതയ്ക്കുന്ന ബോംബായി മാറുമായിരുന്നുവെന്നും കോടതി പരാമര്‍ശിച്ചു.
89 ഔട്ട്ലെറ്റുകളിൽ 38 എണ്ണം മാറ്റേണ്ടതില്ലെന്ന് ബെവ്കോ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യങ്ങൾ സർക്കാരിനെയും എക്സൈസ് കമ്മിഷണറെയും അറിയിച്ചിട്ടുണ്ടെന്നും ബെവ്കോ വിശദീകരിച്ചു. എന്നാൽ എക്സൈസ് കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ മാറ്റം വരുത്താത്തിടത്തോളം അത് പാലിക്കാൻ ബെവ്കോയ്ക്ക് ബാധ്യതയുണ്ടെന്ന് സിംഗിൾബഞ്ച് ചൂണ്ടിക്കാട്ടി. ഹർജി സെപ്‌റ്റംബർ 16ന് വീണ്ടും പരിഗണിക്കും.