എറണാകുളം: നിമിഷ ഫാത്തിമയെ ഇന്ത്യയിൽ തിരിച്ചെത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. നിമിഷയുടെ അമ്മ ബിന്ദു സമർപ്പിച്ച ഹർജിയാണ് പിൻവലിച്ചത്. ഹേബിയസ് കോർപ്പസ് ആയല്ല ഹർജി ഫയൽ ചെയ്യേണ്ടതെന്ന കോടതി നിരീക്ഷണത്തെ തുടർന്നാണ് ഹർജി പിൻവലിച്ചത്.
പരാതിക്കാർക്ക് വേണമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഹർജി പിൻവലിക്കുകയാണെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചു. ഐഎസ് ബന്ധം ആരോപിയ്ക്കപ്പെട്ട് പിടിയിലായ നിമിഷയടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാൻ അഫ്‌ഗാന്‍ സർക്കാർ സന്നദ്ധമായെങ്കിലും കേന്ദ്രസർക്കാർ സ്വീകരിക്കാൻ തയ്യാറല്ലാത്ത സാഹചര്യത്തിൽ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിമിഷയുടെ അമ്മ ഹേബിയസ് കോർപസ് നൽകിയത്.
Read more: നിമിഷ ഫാത്തിമയെ തിരികെ എത്തിക്കൽ; ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യേണ്ടതില്ലെന്ന് കോടതി
മകൾക്കും കൊച്ചു മകൾക്കും ഐഎസ് പ്രവർത്തനങ്ങളുമായി ഇപ്പോൾ ബന്ധമില്ല. അതിനാൽ ഇരുവരെയും തിരികെ എത്തിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നായിരുന്നു ആവശ്യം.
2016ലാണ് ഭീകരസംഘടനയായ ഐഎസിൽ ചേരാൻ ഭർത്താവ് പാലക്കാട് സ്വദേശി ബെക്‌സൺ എന്ന ഈസയുടെ കൂടെ നിമിഷ അഫ്‌ഗാനിസ്ഥാനിലേയ്ക്ക് പോയത്. പിന്നീട് ബെക്‌സൺ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കീഴടങ്ങിയ നിമിഷ അഫ്‌ഗാനിൽ ജയിലിലാവുകയായിരുന്നു.