എറണാകുളം: സ്വർണക്കടത്തു കേസിലെ പ്രതികൾക്കെതിരെ എഫ്‌ഐആറില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കണമെന്ന് എൻഐഎ കോടതി. അല്ലാത്ത പക്ഷം പ്രതികള്‍ക്ക് അനുകൂലമായി ജാമ്യാപേക്ഷ പരിഗണിക്കേണ്ടി വരുമെന്നും എന്‍ഐഎ കോടതി മുന്നറിയിപ്പ് നല്‍കി. കേസ് ഡയറി നാളെ മൂന്ന് മണിക്ക് ഹാജരാക്കണമെന്നും കോടതി എന്‍ഐഎക്ക് നിര്‍ദേശം നല്‍കി. യുഎപിഎ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ക്ക് തെളിവുകള്‍ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധമുള്ളവരുടെയും ലാഭമുണ്ടാക്കിയവരുടെയും പട്ടിക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസത്തോളമായിട്ടും അന്വേഷണ ഏജന്‍സിക്ക് തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദിച്ചു. യുഎപിഎ നിയമത്തിലെ വകുപ്പുകള്‍ വളരെ ലാഘവത്തോടെ ഉപയോഗിച്ചാല്‍ എല്ലാ തരത്തിലുള്ള നികുതി വെട്ടിപ്പും ഭീകരവാദമായി മാറുമെന്നും പ്രതിഭാഗം വാദമുയർത്തി. തുടർന്നാണ് നാളെ മൂന്ന് മണിക്ക് കേസ് ഡയറി ഹാജരാക്കാന്‍ എൻഐഎക്ക് കോടതി നിര്‍ദേശം നൽകിയത്. സ്വര്‍ണക്കടത്ത് കേസിലെ എട്ടു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്.
അതേ സമയം കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തി. എറണാകുളം സിജെഎം കോടതിയുടെ നിർദ്ദേശപ്രകാരം ആലുവ മജിസ്ട്രേറ്റാണ് 164 പ്രകാരം മൊഴിയെടുത്തത്. കുറ്റസമ്മതം നടത്താന്‍ തയാറാണെന്നും രഹസ്യമൊഴിയെടുക്കണം എന്നുമാവശ്യപ്പെട്ടുള്ള സന്ദീപ് നായരുടെ അപേക്ഷ എന്‍ഐഎ കോടതി നേരത്തെ അംഗീകരിച്ചിരുന്നു.