ന്യൂഡല്‍ഹി/കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആറ് പേരെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്ത് ആയെന്ന അന്വേഷണ സംഘം കോടതിയെ അറിയിച്ചു. എറണാകുളം സ്വദേശി ജമാല്‍ എ.എം, മലപ്പുറം സ്വദേശി സൈദ് അലവി എന്നിവരെ ജൂലൈ 30ന് അറസ്‌റ്റ് ചെയ്‌തു.
കേസിലെ മുഖ്യപ്രതിയായ റമീസിനൊപ്പം ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്ന കുറ്റമാണ് ഇവരില്‍ ചുമത്തിയിരിക്കുന്നത്. ജൂലൈ 31ന് മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, അബ്‌ദു പി.ടി എന്നിവരും ഓഗസ്‌റ്റ് ഒന്നിന് എറണാകുളം സ്വദേശികളായ മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവരും എന്‍ഐഎ പിടിയിലായി. ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്നതാണ് ഇവര്‍ ചെയ്‌ത കുറ്റം. ഇതില്‍ മുഹമ്മദ് അലി 2015ല്‍ ജോസഫ് എന്ന അധ്യപകന്‍റെ കൈ വെട്ടിയ കേസിലെ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്.
എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലായി ആറ് സ്ഥലങ്ങളിലാണ് ഇന്ന് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്‌ഡില്‍ ഹാര്‍ഡ് ഡിസ്‌ക്, ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍, ആറ് മൊബൈല്‍ ഫോണ്‍, ആറ് സിം കാര്‍ഡുകള്‍, ക്യാമറ, ആറ് ഡിവിഡി തുടങ്ങിയവരും എന്‍ഐഎ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.