കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരിയായി മാർ ആന്‍റണി കരിയിൽ സ്ഥാനമേറ്റു. എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലാണ് ചടങ്ങുകൾ നടന്നത്. അതിരൂപത ചാൻസലർ റവ ഡോ ജോസ് പൊള്ളയിൽ മെത്രാപ്പോലീത്തൻ വികാരിയുടെ നിയമനം സംബന്ധിച്ച ഡിക്രി വായിച്ചു. അതിരൂപതയുടെ ഭരണ ചുമതലയിൽ നിന്നും സിനഡ് തീരുമാനപ്രകാരം മാറ്റിയ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശം നൽകി. ആർച്ച് ബിഷപ് പദവിയോടെയാണ് മാർ ആന്‍റണി കരിയിലിന്‍റെ നിയമനമെന്ന് അദ്ദേഹം പറഞ്ഞു. സിറോ മലബാർ സഭാ ആർച്ച് ബിഷപ് എന്ന നിലയിൽ തനിക്കുള്ള പ്രവർത്തനങ്ങളുടെ ഭാരം പരിഗണിച്ചാണ് പുതിയ മെത്രപ്പോലീത്തൻ വികാരിയായി ആന്‍റണി കരിയിലിന് ഭരണപരമായ ചുമതല നൽകിയതെന്നും ആലഞ്ചേരി പറഞ്ഞു. തുടർന്ന് ആർച്ച് ബിഷപ് മാർ ആന്‍റണി കരിയിലിന്‍റെ മുഖ്യകാർമികത്വത്തില്‍ കൃതജ്ഞതാബലി നടന്നു.
തന്റെ സ്ഥാന ലബ്ധിക്ക് കാരണമായ അതിരൂപതയിലെ അൽമായരുടെ പ്രസക്തിയെ കുറിച്ച് എടുത്ത് പറഞ്ഞാണ് ആൻറണി കരിയിൽ വിശ്വാസികൾക്ക് പ്രഥമ സന്ദേശം നൽകിയത്. ബിഷപുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ സഹകാർമികരായി ചടങ്ങിൽ പങ്കെടുത്തു. ആന്‍റണി കരിയിൽ സ്ഥാനമേറ്റതോടെ കഴിഞ്ഞ രണ്ട് വർഷമായി എറണാകുളം അങ്കമാലി അതിരൂപതയിൽ കർദിനാളിനെതിരെ വിശ്വാസികൾ നടത്തിവന്ന പ്രതിഷേധത്തിനാണ് അറുതിയായത്. അതേ സമയം തങ്ങളുയർത്തിയ വിവാദ ഭൂമിയിടപാടിലെ നഷ്ടങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിന് പുതിയ മെത്രാപ്പോലീത്തൻ വികാരി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.