കൊച്ചി: പത്താം വയസ്സിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ തലയ്ക്ക് പിടിച്ചു. പതിനേഴാം വയസ്സിൽ പാർട്ടി മെമ്പറായി. പിന്നീടിങ്ങോട്ട് എംഎം ലോറൻസിന് പറയാനുള്ളത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും പോരാട്ടവും. കേരളത്തിലെ തലമുതിർന്ന തൊഴിലാളി നേതാവിന് ഇന്ന് 90 വയസ്സ്.
തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഒളിവുജീവിതവും ജയിൽവാസവും ഉൾപ്പെടെ വിപ്ലവ വീര്യം നിറയുന്ന ചരിത്രമാണ് ലോറൻസിന്‍റെ മനസ്സ് മുഴുവൻ. 1950 ൽ അപ്രതീക്ഷിതമായി ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കാളിയായത് ഇന്നലെയെന്നപോലെ ലോറൻസ് ഓർത്തെടുക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റ് ആയപ്പോൾ സിപിഎമ്മിന്‍റെ തല മുതിർന്ന നേതാവായി. പാർട്ടി വളർന്നപ്പോൾ തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സേവ് സിപിഎം ഫോറത്തിന്‍റെ പേരിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തിയതിൽ ഇന്നും അദ്ദേഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ഏകപക്ഷീയമായിരുന്നു പാർട്ടി നടപടി എന്ന് അദ്ദേഹം ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു.