എറണാകുളം: കഥാകൃത്ത് ടി.പത്മനാഭന്‍ വസ്തുതകള്‍ മനസിലാക്കാതെ നടത്തിയ പ്രസ്‌താവനകള്‍ വളരെ വേദനാജനകമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. സംഭവത്തിന്‍റെ വസ്തുതകള്‍ മനസിലാക്കാതെയാണ് തനിക്കെതിരെ പത്മനാഭന്‍ പരാമര്‍ശം ഉന്നയിച്ചിരിക്കുന്നതെന്നും സാഹിത്യകാരന്മാരോട് ബഹുമാനമുണ്ടെന്നും എന്താണ് ഉണ്ടായതെന്ന് അദ്ദേഹത്തിന് വിളിച്ച് ചോദിക്കാമായിരുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു. യഥാര്‍ഥ വസ്തുതകള്‍ മനസിലാക്കാനുള്ള ധാര്‍മിക ബാധ്യത ടി.പത്മനാഭന്‍ കാണിക്കണമായിരുന്നുവെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കഴിഞ്ഞ ദിവസം എം.സി ജോസഫൈനെ കഥാകൃത്ത് ടി.പത്മനാഭൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്നോവ കാറും വലിയ ശമ്പളവും നൽകി വനിത കമ്മീഷന്‍ അധ്യക്ഷയെ നിയമിച്ചത് എന്തിനാണെന്നായിരുന്നു ടി.പത്മനാഭന്‍ ചോദിച്ചത്. 87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരമായിപ്പോയിയെന്നും ദയ ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നുമാണ് പത്മനാഭന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കിടപ്പുരോഗിയായ പരാതിക്കാരിയോട് വനിതാ കമ്മീഷന്‍ സിറ്റിങ്ങിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ച സംഭാഷണം പുറത്തുവന്നതിന്‍റെയും പരാതി കേൾക്കാൻ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ വനിതാ കമ്മീഷൻ അധ്യക്ഷ ശകാരിച്ചതിന്‍റെയും പശ്ചാത്തലത്തിലായിരുന്നു ടി.പത്മനാഭന്‍റെ പ്രതികരണം.