എറണാകുളം : ഡന്‍റല്‍ വിദ്യാര്‍ഥി മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖിൽ തോക്ക് വാങ്ങാനായി ബിഹാറിലെ മുൻഗറിലേക്ക് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇടനിലക്കാരനായ മനേഷ് കുമാറിന്‍റെ കാറിലാണ് സംഘം യാത്ര ചെയ്‌തത്. തോക്ക് ഉപയോഗിക്കുന്നതിനായി രഖിലിന് മനേഷ് പരിശീലനം നൽകുന്നതിന്‍റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
മനേഷ് കുമാറിന്‍റെ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് എന്നിവരെ ശനിയാഴ്‌ചയാണ് പൊലീസ് പിടികൂടിയത്.
രഖിലിന് തോക്കുനൽകിയ സോനു കുമാറിനെ പരിചയപ്പെടുത്തിയത് മനേഷ് കുമാർ വർമയാണ്. ഇയാളെ പട്‌നയിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്. സോനു കുമാർ മോദിയെ പിടികൂടിയതിന് പിന്നാലെയാണ് ഇടനിലക്കാരനും ടാക്‌സി ഡ്രൈവറുമായ മനേഷ് കുമാര്‍ അറസ്റ്റിലായത്.
രണ്ട് ദിവസത്തെ തെരച്ചിലിനൊടുവിൽ പ്രതികൾ പിടിയിൽ
ബിഹാർ പൊലീസിന്‍റെ സഹായത്തോടെ രണ്ടുദിവസം നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതികൾ പിടിയിലായത്. രഖിൽ 35,000 രൂപയാണ് തോക്കിന് നൽകിയത്. തുക പണമായി നേരിട്ട് കൈമാറുകയായിരുന്നു.
തോക്ക് ഉപയോഗിക്കാനുളള പരിശീലനവും ഇവർ നൽകിയിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ബിഹാർ പൊലീസുമായി ആലുവ റൂറൽ എസ്.പി കെ കാർത്തിക് ആശയവിനിമയം നടത്തുകയും സംയുക്ത പരിശോധനയ്ക്ക് തീരുമാനമെടുക്കുകയുമായിരുന്നു.
പ്രതികളെ ഞായറാഴ്‌ച കേരളത്തിലെത്തിക്കും
കഴിഞ്ഞദിവസം ബിഹാറിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഞായറാഴ്‌ച കേരളത്തിലെത്തിക്കും. വിമാന മാർഗം വൈകിട്ട് ആറുമണിയോടെ കൊച്ചിയിലെത്തിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.
കോതമംഗലം ഇന്ദിര ഗാന്ധി കോളജിലെ ഡന്‍റല്‍ വിദ്യാർഥി മാനസയെ കൊലപ്പെടുത്തിയ രഖിലും സ്വയം നിയൊഴിച്ച് ജീവനൊടുക്കിയിരുന്നു. എന്നാൽ പ്രതി ഉപയോഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചെന്ന് കണ്ടെത്തുകയായിരുന്നു പൊലീസിന് മുന്നിലുള്ള വെല്ലുവിളി.
ബിഹാറിൽ നിന്ന് തോക്ക് നൽകിയ ആളും, ഇടനിലക്കാരനും പിടിയിലായതോടെ അന്വേഷണത്തിൽ നിർണായക പുരോഗതിയാണുണ്ടായത്. ജൂലൈ മുപ്പതിന് മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
READ MORE: മാനസ വധം : രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു അറസ്റ്റിൽ