എറണാകുളം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസിനെ സി.ബി.ഐ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ സി.ബി.ഐ ഓഫിസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. ഒമ്പത് മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിലാണ് യു.വി.ജോസിനെ വിട്ടത്. സി ബി.ഐ നിർദേശ പ്രകാരം ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രധാന രേഖകളുമായാണ് യു.വി.ജോസ് ഹാജരായത്.
റെഡ് ക്രസന്‍റുമായുള്ള ധാരണാപത്രം, വടക്കാഞ്ചേരിയിലെ വീടുകള്‍ സംബന്ധിച്ച വിവരം, യൂണിടാക്കുമായുള്ള ഇടപാടുകള്‍ ഉൾപ്പെടെയുള്ള രേഖകള്‍ എന്നിവ ഹാജരാക്കാനായിരുന്നു സി.ബി.ഐ. നോട്ടീസ് നൽകിയത്. ലൈഫ് മിഷൻ സി.ഇ.ഒ അല്ലെങ്കിൽ രേഖകൾ വിശദീകരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥൻ ഹാജരാകണമെന്നാണ് നോട്ടീസ് നൽകിയത്. എന്നാൽ യു.വി.ജോസ് തന്നെ രേഖകളുമായി നേരിട്ട് ഹാജരാകുകയായിരുന്നു. ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മിലുള്ള ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത് പദ്ധതിയുടെ സിഇഒ ആയ യു.വി ജോസായിരുന്നു. റെഡ് ക്രസന്‍റുമായി ധാരണാപത്രം ഒപ്പിട്ടത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിനായി യു.വി.ജോസ് നേരിട്ട് ഹാജരായത്. എഫ്.സി.ആർ.എ നിയമപ്രകാരമാണ് ലൈഫ് മിഷൻ ക്രമക്കേടിൽ ഉദ്യോഗസ്ഥരെ ഉൾപ്പടെ പ്രതിചേർത്ത് സി.ബി.ഐ കേസെടുത്തത്.