എറണാകുളം : ശ്വാസനാളത്തിലെ കാന്‍സര്‍ ചികിത്സയുടെ ഭാഗമായി അന്നനാളം പൂര്‍ണമായും അടഞ്ഞുപോയ കോട്ടയം സ്വദേശിയായ ലാലു(50) ട്യൂബ് വഴിയാണ് ഒരു വർഷമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. എന്നാൽ അത്യപൂര്‍വമായ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ, അടഞ്ഞുപോയ അന്നനാളം തുറന്ന് നേരിട്ട് ഭക്ഷണം കഴിക്കാനായ സന്തോഷത്തിലാണ് ലാലു.
'പോയട്രെ' (POETRE - PERORAL ENDOSCOPIC TUNNELLING FOR RESTORATION OF ESOPHAGUS) എന്ന അതിസങ്കീർണമായ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ലിസി ആശുപത്രിയിലെ ഡോക്‌ടമാർ ലാലുവിന്‍റെ അന്നനാളം തുറന്നത്. ലോകത്ത് തന്നെ അപൂര്‍വം ആശുപത്രികളിലാണ് ഇത്തരത്തിലുള്ള എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്.
ഇന്ത്യയില്‍ രണ്ടാമത്തെയും ദക്ഷിണേന്ത്യയില്‍ ആദ്യത്തേതുമാണ് ലിസി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ. ശ്വാസനാളത്തിലെ കാന്‍സര്‍ ചികിത്സയുടെ ഭാഗമായി അന്നനാളം പൂര്‍ണമായും അടഞ്ഞതുമൂലം ഒരു വര്‍ഷമായി ആമാശയത്തിലേക്ക് നേരിട്ട് ഘടിപ്പിച്ച ട്യൂബ് വഴി ഭക്ഷണം നല്‍കിയാണ് ലാലുവിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
അടഞ്ഞുപോയ അന്നനാളത്തിന് കുറുകെ ഇരുവശത്തുകൂടിയും ദ്വാരം സൃഷ്ടിച്ച് അതിലൂടെ സ്വയം വികസിക്കുന്ന പ്രത്യേക തരം സ്റ്റെന്‍റ് ഘടിപ്പിച്ചാണ് അന്നനാളപാത പുനഃസ്ഥാപിച്ചത്. ശരീരം തുറന്നുള്ള ശസ്ത്രക്രിയയുടെ സങ്കീര്‍ണതകള്‍ പൂര്‍ണമായും ഒഴിവാക്കാനായി എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ നേട്ടം.
ശസ്ത്രക്രിയക്ക് ശേഷം സ്റ്റെന്‍റ് നീക്കം ചെയ്യുന്നതിനും തുടര്‍ പരിശോധനകള്‍ക്കുമായി ഭാര്യ ബിന്ദുവുമൊന്നിച്ച് ലാലു ആശുപത്രിയില്‍ വീണ്ടുമെത്തിയപ്പോൾ ക്രിസ്‌മസ് ആഘോഷത്തിൽ ഇരുവരും പങ്കെടുത്തു. കേക്ക് മുറിച്ച് മധുരം പങ്കിട്ടും സമ്മാനങ്ങള്‍ നല്‍കിയുമാണ് ലാലുവിനെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്.