എറണാകുളം: മക്കളുടെ ചികിത്സയ്ക്ക് വേണ്ടിയും ലക്ഷങ്ങളുടെ കടബാധ്യതകൾ തീർക്കാനും അവയവം വിൽക്കാനൊരുങ്ങി ഒരു വീട്ടമ്മ. മലപ്പുറം സ്വദേശിനിയായ ശാന്തിയാണ് അവയവം വിൽക്കാനുണ്ടെന്ന് ബോർഡ് എഴുതിവെച്ച് കൊച്ചിയിൽ റോഡരികിൽ അഞ്ച് മക്കളോടൊപ്പം താമസം തുടങ്ങിയത്.
കഴിഞ്ഞ ഒമ്പത് വർഷമായി എറണാകുളം വരാപ്പുഴയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ശാന്തി. വാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് ഇവിട നിന്നും ഇറങ്ങേണ്ടിവന്നു. ഇതോടെ കൊച്ചി കണ്ടെയ്‌നര്‍ റോഡരികിൽ ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയ ഷെഡ്ഡിലാണ് ഇവര്‍ കഴിഞ്ഞ ദിവസം താമസം തുടങ്ങിയത്. ശാന്തിയുടെ അഞ്ച് മക്കള്‍ക്കും വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതിൽ മൂന്ന് പേര്‍ക്ക് ശസ്ത്രക്രിയകള്‍ കഴിഞ്ഞിരുന്നു. തുടർ ചികിത്സയ്ക്ക് പണമില്ലാതെ വരികയും, വാടക വീട്ടിൽ നിന്നു കൂടി ഇറങ്ങേണ്ടി വരികയും ചെയ്തതോടെയാണ് അവയവങ്ങൾ വിൽക്കാൻ തിരുമാനിച്ചതെന്ന് ശാന്തി പറഞ്ഞു.
കിടപ്പാടം പോലും ചികിത്സയ്ക്ക് വേണ്ടി വില്‍ക്കേണ്ടിവന്നു. ഇരുപത് ലക്ഷം രൂപ കടവുമുണ്ട്. തിങ്കളാഴ്‌ച രാത്രി പൊലീസെത്തി ശാന്തിയെയും മക്കളെയും റോഡരികിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല. ഇന്ന് വീണ്ടും പൊലീസെത്തി ഇവരെ അനുനയിപ്പിച്ച് മുളവുകാട് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. റവന്യു ഉദ്യോഗസ്ഥർ ഉൾപ്പടെയെത്തി ശാന്തിയുമായി ചർച്ച നടത്തുന്നുണ്ട്. ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.