എറണാകുളം : തൃപ്പൂണിത്തുറയിലെ സൂപ്പർ മാർക്കറ്റില്‍ ജീവനക്കാരിക്ക് ക്രൂര മർദനം. ഷിജിയെന്ന ജീവനക്കാരിയെ ഇതേ സ്ഥാപനത്തിലെ സഹപ്രവർത്തകയുടെ ഭർത്താവാണ് മർദിച്ചത്. ഹെൽമറ്റ് കൊണ്ട് യുവതിയെ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ വൈകിയെന്ന് ഷിജി പറഞ്ഞു.
ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഷിജിയെ ഇതേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയുടെ ഭർത്താവ് സതീശൻ ക്രൂരമായി മർദിച്ചത്. സ്ഥാപനത്തിന്‍റെ ഓൺലൈൻ ഡെലിവറിക്കായുളള ഫോൺ നമ്പറിലേക്ക് ഇയാൾ വിളിക്കുകയും ഭാര്യയോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
എന്നാൽ ഫോൺ നൽകാനാവില്ലെന്നും വിളിച്ച കാര്യം അറിയിക്കാമെന്നും പറഞ്ഞു. എന്നാൽ തിരക്കിനിടയിൽ ഈ കാര്യം സഹപ്രവർത്തകയോട് പറയാൻ ഷിജി മറന്നു. ഇതിൽ പ്രകോപിതനായാണ് സതീശൻ മദ്യപിച്ചെത്തി ഇവരെ സൂപ്പർ മർക്കറ്റിനുള്ളിൽവച്ച് ക്രൂരമായി മർദിച്ചത്.
Also read: ഈ കുട്ടികളാണ് ഈ നാടിന് മാതൃക... ഇവിടെ മതമില്ല.. കാണണം ഈ ദൃശ്യങ്ങൾ
സൂപ്പർ മർക്കറ്റ് ഉടമയും മറ്റ് ജീവനക്കാരും ചേർന്നാണ് ആക്രമണത്തിൽ നിന്നും ഷിജിയെ രക്ഷപ്പെടുത്തിയത്. കൈകൾക്കും തലയ്ക്കും പരിക്കേറ്റ ഷിജി ചികിത്സ തേടി. സംഭവം നടന്ന ഉടനെ തന്നെ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ വൈകി. ദൃശ്യങ്ങൾ ഉൾപ്പടെ നൽകിയ ശേഷം പൊലീസ് കേസെടുത്തെങ്കിലും ഇതിനകം പ്രതി സതീശൻ ഒളിവിൽ പോയി.
ചൊവ്വാഴ്‌ച രാത്രി തന്നെ സതീശനെ തേടി പൊലീസ് എത്തിയെങ്കിലും ഇയാൾ വീട് പൂട്ടി സ്ഥലം വിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറയുന്നു.