എറണാകുളം: മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണത്തിൽ തെളിവ് നൽകാൻ കെ.ടി ജലീൽ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരാകും. വൈകുന്നേരം നാല് മണിയോടെ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ എത്തിയാണ് അദ്ദേഹം തെളിവ് നൽകുക.
കഴിഞ്ഞയാഴ്‌ച ഇഡി ഓഫിസിൽ ഹാജരായി അദ്ദേഹം മൊഴി നൽകുകയും ചില തെളിവുകൾ നൽകുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കൂടുതൽ രേഖകൾ സമർപ്പിക്കാൻ ഇ.ഡി ജലീലിനോട് ആവശ്യപ്പെട്ടത്. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം.
കുഞ്ഞാലിക്കുട്ടിയെയും മകനെയും ചോദ്യം ചെയ്യാൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇരുവരും സാവകാശം തേടിയിരിക്കുകയാണ്. ചന്ദ്രിക പത്രത്തിലെ മറ്റു പലരുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെ കുറിച്ചുള്ള വിവരങ്ങളും ഇ.ഡിക്ക് നൽകിയിട്ടുണ്ടെന്ന് കെ.ടി ജലീൽ തന്നെ വ്യക്തമാക്കിയിരുന്നു.
ചന്ദ്രിക ദിനപത്രത്തെയും ലീഗിന്‍റെ മറ്റു സ്ഥാപനങ്ങളെയും മറയാക്കി കള്ളപ്പണം വെളുപ്പിക്കുക, അവിഹിതമായ ധന സമ്പാദനം നടത്തുക ഇതൊക്കെ കുറച്ച് കാലമായി നടന്ന് കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം.
ALSO READ : കളളപ്പണ ആരോപണം : കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിക്ക് തെളിവ് കൈമാറിയെന്ന് കെ.ടി.ജലീൽ
നോട്ട് നിരോധന വേളയിൽ ചന്ദ്രികയുടെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയിൽ നിലവിൽ ഇ.ഡി അന്വേഷണം നടക്കുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരം നടക്കുന്ന ഈ അന്വേഷണം പി.കെ കുഞ്ഞാലിക്കുട്ടിയിലേക്ക് കൂടി നീളുന്നുവെന്നാണ് ഇ.ഡിയുടെ പുതിയ നീക്കം സൂചന നൽകുന്നത്.