എറണാകുളം: കോതമംഗലം താലൂക്കിലെ നേര്യമംഗലത്തും, പല്ലാരിമംഗലത്തുമായി മൂന്ന് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം ഏഴായി. കൊവിഡ് സ്ഥിരീകരിച്ച നേര്യമംഗലത്തെ 38 കാരന്‍റെ സമ്പർക്കപട്ടികയിൽ നിന്നാണ് മറ്റ് ആറ് പേർക്കും രോഗം സ്ഥിരീകരിച്ചത്. നിരവധിപേർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലുമാണ്. രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ജനങ്ങൾ ആശങ്കയിലാണ്. സമ്പർക്ക വ്യാപനം കുറക്കുവാനായി നേര്യമംഗലം ടൗൺ അടയ്‌ക്കുവാൻ സാധ്യതയുണ്ട്. നേര്യമംഗലത്ത് രണ്ട് വാർഡുകളിലായി മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിരുന്നു. കോതമംഗലം എം.എൽ.എ. ആന്‍റണി ജോൺ, ഊന്നുകൽ സർക്കിൾ ഇൻസ്പെക്ടർ ഋഷികേശ്, നേര്യമംഗലം ആരോഗ്യ വിഭാഗം കൊവിഡ് ചുമതലയുള്ള ഡോക്‌ടര്‍ ലൂസിന ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ ജഗദീഷ് എം.എൻ. തുടങ്ങിയവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിവരുന്നുണ്ട്.
നേര്യമംഗലത്ത് കൊവിഡ് രോഗവ്യാപനം അറിയാന്‍ അടുത്ത് സമ്പർക്കമുണ്ടായവരെ കൂടി സ്രവപരിശോധനക്ക് ആരോഗ്യ വകുപ്പ് വിധേയരാക്കി. ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായ സാഹചര്യത്തിലാണ് നടപടി. കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗത്ത് പതിനൊന്നാം വാർഡിൽ രോഗം സ്ഥിരീകരിച്ച മുപ്പത്തെട്ടുകാരന്റെ രണ്ട് ബന്ധുക്കൾക്കാണ് ഇന്നലെ എട്ടാം വാർഡിൽ രോഗമുണ്ടായത്. ആദ്യദിവസം തന്നെ പതിനൊന്നാം വാർഡ് കണ്ടെയ്‌ൻമെന്‍റ് സോണാക്കി നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ആലുവ കീഴ്മാട് കല്ല്യാണ നിശ്ചയത്തിൽ പങ്കെടുത്തതും തുടർന്ന് അവരുടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതുമായ രണ്ടുപേരുള്ള എട്ടാം വാർഡ് കണ്ടെയ്‌ൻമെന്‍റ് സോണാകുന്ന സാഹചര്യമുണ്ടായാൽ നേര്യമംഗലം ടൗണ്‍ അടച്ചിടേണ്ടിവരും എന്നാണ് കരുതുന്നത്.
കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ അനാവശ്യമായുള്ള യാത്രകള്‍ തടയാന്‍ റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. പൊലിസിന്‍റെ നിരീഷണവും ശക്തമാണ്. പല്ലാരിമംഗലം പഞ്ചായത്തിൽ അതീവ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്തിലെ ഒൻപതാം വാർഡിൽ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികൾ മുമ്പ് സന്ദർശിച്ചിട്ടുള്ള അടിവാട് ടൗണിലെ ഹോസ്പിറ്റൽ, എടിഎം ,വൃാപാര സ്ഥാപനങ്ങളെല്ലാം ഇവരുടെ റൂട്ട് മാപ്പിൽ ഉൾപെടും. ഹോസ്പിറ്റലിലെ ഡോക്റ്ററും ,നഴ്‌സും സ്വയം നിരീക്ഷണത്തിലാണ്. കെട്ടിടം പൂർണ്ണമായും അണുവിമുക്തമാക്കി. രോഗികൾ താമസിച്ചിരുന്ന ഒമ്പതാം വാർഡ് കണ്ടെയ്‌ൻമെന്‍റ് സോണാക്കാൻ പഞ്ചായത്ത് കമ്മറ്റി ശുപാർശ ചെയ്തിട്ടുണ്ട്. പ്രദേശത്തെ മുഴുവൻ ജനങ്ങളും പൊലീസിന്‍റെയും ആരോഗൃ പ്രവർത്തകരുടേയും നിർദേശങ്ങൾ പാലിച്ചുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.