എറണാകുളം: കൊച്ചിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ വിട്ടയച്ച യുവതിയെ എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതിപട്ടികയിൽ നിന്ന് ആദ്യം ഒഴിവാക്കിയ തിരുവല്ല സ്വദേശി ത്വയ്ബയെയാണ് അറസ്റ്റ് ചെയ്‌തത്. ചെന്നൈയിൽ നിന്നും എംഡിഎംഎ ലഹരി മരുന്ന് കൊച്ചിയിൽ എത്തിച്ചത് ത്വയ്ബയാണെന്ന് എക്സൈസ് അറിയിച്ചു.
Read More: കൊച്ചി ലഹരിമരുന്ന് കേസ് അട്ടിമറി; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ത്വയ്ബയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ അവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതേ തുടർന്നാണ് ത്വയ്ബയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തത്. ആദ്യം എക്സൈസ് എൻഫോഴ്സ്മെന്‍റ് വിഭാഗം അന്വേഷിച്ച കേസിൽ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്.
എന്നാൽ പിടികൂടിയ പ്രതികളിൽ ഫൈസൽ, ത്വയ്‌ബ എന്നിവരെ ആവശ്യമായ പരിശോധനകൾ നടത്താതെ വിട്ടയക്കുകയായിരുന്നു. പ്രതിപ്പട്ടികയിലുള്ള ഷംനയും ത്വയ്‌ബയും ഫ്ലാറ്റിൽ വച്ച് മയക്കുമരുന്നെന്ന് സംശയിക്കുന്ന പൊതി ഒളിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതോടെയാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമായത്.
ഇതേ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെന്‍റ് അഡീഷണൽ കമ്മിഷണർ അബ്ദുല്‍ റാഷി കൊച്ചിയിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. പിന്നാലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. അതേസമയം നേരത്തെ അറസ്റ്റ് ചെയ്തിരുന്ന അഞ്ച് പ്രതികളെയും കോടതി എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ മാസം മുപ്പത്തിയൊന്ന് വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള പ്രതികളെ ചെന്നൈയിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തും.