കൊച്ചി: നഗരത്തിലെ പല റോഡുകളുടെയും ശോചനീയാവസ്ഥയ്ക്ക് കാരണം ജല അതോറിറ്റിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് കൊച്ചി മേയർ സൗമിനി ജെയിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം. വാട്ടർ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഓഗസ്റ്റ് ഏഴിന് പ്രധാന റോഡുകളുടെയെല്ലാം പണി പൂര്‍ത്തീകരിച്ച് വാട്ടർ അതോറിറ്റി നഗരസഭക്ക് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും നടപ്പായിട്ടില്ല. നഗരസഭയുടെ അനാസ്ഥ മൂലമാണ് റോഡുകൾ മോശമാകുന്നതെന്നുള്ള വാർത്തകൾ പ്രചരിച്ചതോടെ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ പറഞ്ഞു.
വാട്ടർ അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയാണ് റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. അതിനാലാണ് ഡെപ്യൂട്ടി എഞ്ചിനീയറെ ഖരാവോ ചെയ്യേണ്ട സാഹചര്യം ഉണ്ടായത്. റോഡുകളുടെ പണി ഉടന്‍ പൂര്‍ത്തീകരിച്ച് നഗരസഭയ്ക്ക് കൈമാറിയില്ലെങ്കിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഹൈബി ഈഡൻ വ്യക്തമാക്കി. സംസ്ഥാനത്തെ പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാന്‍ സാധിക്കാത്തത് വാട്ടർ അതോറിറ്റിയുടെ അനാസ്ഥമൂലമാണെന്നും ഹൈബി ഈഡൻ പറഞ്ഞു.
ഈ മാസം ഇരുപത്തിയെട്ടിനകം വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ മുഴുവൻ പൂർത്തീകരിച്ച് കൊച്ചി കോർപ്പറേഷന് കൈമാറുമെന്ന ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതോടെയാണ് കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചത്. ഹൈബി ഈഡന്‍ എംപി, ഡെപ്യൂട്ടി മേയർ ടി ജെ വിനോദ് തുടങ്ങിയ ജനപ്രതിനിധികളും കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്തു.