എറണാകുളം: കൊച്ചിയിൽ പീഡനക്കേസിലെ പരാതിക്കാരായ ഇതര സംസ്ഥാനക്കാരായ കുടുംബത്തോട് പൊലീസ് പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറോട് കോടതി റിപ്പോർട്ട് തേടി.
കേസെടുത്തത് പത്രവാർത്തയെ തുടർന്ന്
സംഭവം സത്യമെങ്കിൽ ഗൗരവകരമെന്ന് കോടതി നിരീക്ഷിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കോടതി സ്വമേധയാ എടുത്ത ഹർജിയിൽ ഡിജിപിയേയും ആഭ്യന്തര സെക്രട്ടറിയെയും എതിർ കക്ഷികളാക്കിയിട്ടുണ്ട്. പൊലീസിനെതിരെ ഡൽഹി സ്വദേശികളായ കുടുംബമാണ് ആരോപണമുന്നയിച്ചത്.
പതിനൊന്ന് വർഷമായി അഞ്ചു മക്കളും മതാപിതാക്കളുമടങ്ങുന്ന കുടുംബം കൊച്ചിയിലാണ് താമസിക്കുന്നത്. ഈ കുടുംബത്തിലെ രണ്ട് പെൺകുട്ടികൾ ഫോൺ വഴി പരിചയപ്പെട്ട ഡൽഹി സ്വദേശികളെ തേടി നാടുവിട്ടിരുന്നു. ഇവരെ കണ്ടെത്തണമെന്ന ആവശ്യപ്പെട്ടാണ് കുടുംബം കൊച്ചിയിൽ പൊലീസിനെ സമീപിച്ചത്.
ഡൽഹി പൊലീസിന്‍റെ സഹായത്തോടെ കണ്ടെത്തിയ പെൺകുട്ടികളെ പൊലീസ് മഹിള മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഇവരുടെ രണ്ട് സഹോദരന്മാര്‍ പീഡിപ്പിച്ചുവെന്നും അതിനാലാണ് നാടുവിട്ടതെന്നും പെൺകുട്ടികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവരെയും പീഡനക്കേസിൽ അറസ്റ്റ് ചെയ്‌തിരുന്നു.
അതേസമയം, പെൺകുട്ടിയെ സഹോദരൻ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ചിൽഡ്രൻസ് ഹോമിലുള്ള മക്കളെ തിരികെ കിട്ടാൻ അഞ്ച് ലക്ഷം രൂപ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഡൽഹിയിൽ പെൺകുട്ടികളെ പീഡിപ്പിച്ച പ്രതികളിൽ ഒരാളെ പൊലീസ് കേസിൽ നിന്ന് ഒഴിവാക്കിയെന്നും കുടുംബം ആരോപിച്ചിരുന്നു.
Also read: വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം; കേന്ദ്രസർക്കാരിന്‍റെ വിശദീകരണം തേടി