എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവയ്ക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര ആവശ്യമുള്ളവർക്ക് മാത്രം പണം തിരിച്ചുനൽകാം. ഇക്കാര്യം കോടതിയെ അറിയിക്കണം.
തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാന്‍ കോടതി ഇടപെടലാവശ്യപ്പെട്ട് നിക്ഷേപകർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ടോക്കൺ പ്രകാരം നിക്ഷേപം തിരിച്ചുനൽകുന്നത് നിർത്തിവയ്ക്കണമെന്നാണ് കോടതിയുടെ നിർദേശം.
ഇതിന് പുറമെ, ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കാനും സിംഗിൾ ബഞ്ച് നിർദേശിച്ചു. സ്വതന്ത്ര ഓഡിറ്റ് വേണമോയെന്നും കോടതി പരിശോധിക്കും. അതേസമയം, കാലാവധി പൂർത്തിയായ 142 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഉണ്ടെന്ന് ബാങ്ക് കോടതിയെ അറിയിച്ചു.
284 കോടി രൂപയുടെ നിക്ഷേപവും ഉണ്ട്. പണം എങ്ങനെ തിരിച്ചുനൽകാനാകുമെന്ന് സർക്കാർ അറിയിക്കണമെന്നും ജസ്റ്റിസ് ടി.ആർ രവി ആവശ്യപ്പെട്ടിട്ടുണ്ട്. 60 ലക്ഷം രൂപ കൈവശമുണ്ടെന്നും ഇത് ടോക്കണുള്ളവർക്ക് നൽകാമെന്നും ബാങ്ക് അറിയിച്ചു.
എന്നാൽ ഇങ്ങനെ പണം നൽകിയാൽ ക്രമക്കേട് നടക്കാൻ സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. ബാങ്കിന്‍റെ ആസ്‌തികൾ പണയപ്പെടുത്തി വായ്‌പയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സർക്കാരും വ്യക്തമാക്കി. ഹർജി ഈ മാസം 10ന് വീണ്ടും പരിഗണിക്കും.