എറണാകുളം: പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ബലാത്സംഗം തന്നെയെന്ന് കേരള ഹൈക്കോടതി. ഇന്ത്യൻ ശിക്ഷ നിയമത്തിൽ ഇത് കുറ്റമായി കാണുന്നില്ലെങ്കിലും വിവാഹ മോചനത്തിന് മതിയായ കാരണമാണിത്. വ്യക്തിയുടെ ഇഷ്ട പ്രകാരം വിവാഹ മോചന തീരുമാനമെടുക്കാൻ സാധ്യമാകുന്ന വിധമുള്ള വിവാഹ മോചന നിയമമാണ് വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ
വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് സമർപ്പിച്ച അപ്പീൽ ഹർജി തള്ളിയാണ് കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ദുരിതം തുടരാനാവാതെ പങ്കാളികളിലൊരാൾ വിവാഹ മോചനം ആവശ്യപ്പെടുമ്പോൾ കണക്കറ്റ നഷ്ടങ്ങളുണ്ടായേക്കാം. സ്വന്തം ഇഷ്ട പ്രകാരം തീരുമാനമെടുക്കാൻ വ്യക്തിക്ക് അനുമതി നൽകുന്ന നിയമത്തിന് ഇതു മൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങളെയും അവഗണിക്കാനാവില്ല.
ഇത്തരം നഷ്ടങ്ങളും നഷ്ട പരിഹാരവും സംബന്ധിച്ച കാര്യങ്ങളും കൈകാര്യം ചെയ്യാൻ ശക്തമായ നിയമം വേണം. പ്രശ്‌നം മാനവികതയിലൂടെ തന്നെ കൈകാര്യം ചെയ്യാൻ കഴിയുന്ന നിയമമാണ് വേണ്ടതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹത്തിനും വിവാഹ മോചനത്തിനും എല്ലാ സമുദായത്തിനും ബാധകമായ മതേതര നിയമം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
പൊതുനിയമം എല്ലാവര്‍ക്കും ബാധകം
ഒരു പൊതു നിയമം കൊണ്ടുവരുന്നത് പ്രയാസമല്ല. വ്യക്തി നിയമമനുസരിച്ച് വിവാഹിതരാവാൻ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും ഇത്തരമൊരു പൊതു മതേതര നിയമത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞു മാറാനാവില്ല. രാജ്യത്ത് നിലവിലുള്ള വിവാഹ നിയമത്തിൽ ഉടച്ചുവാർക്കലിന് സമയമായെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
READ MORE: അനുമതിയില്ലാതെ സ്ത്രീയെ ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിക്കുന്നത് ബലാത്സംഗം: ഹൈക്കോടതി