എറണാകുളം: പട്ടയഭൂമിയിലെ മരംമുറി കേസിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസ് എടുത്തത് എന്തിനെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. മോഷണക്കുറ്റം ചുമത്തിയ 68 കേസുകളിൽ പ്രതികളെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്‌തില്ലെന്നും കോടതി.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹർജി പരിഗണിക്കവെയാണ് സർക്കാരിനെ കോടതി വിമർശിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജി തിങ്കളാഴ്‌ച വീണ്ടും കോടതി പരിഗണിക്കും.
മരംമുറി കേസിൽ ഹൈക്കോടതി നേരത്തെയും സർക്കാരിനെ വിമർശിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. നിരവധി കേസുകൾ ഉണ്ടായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തതത് നിഷ്ക്രിയത്വമാണന്നും കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് അഗസ്റ്റിൻ സഹോദരൻമാർ ഉൾപ്പടെയുള്ള പ്രതികൾ പൊലീസ് പിടിയിലായത്.
പട്ടയ ഭൂമിയിലെ മരം മുറിക്കാൻ സർക്കാർ അനുമതി നൽകിയതിന്‍റെ മറവിൽ വനമേഖലയിൽ നിന്നുൾപ്പെടെ 14.42 കോടി രൂപയുടെ തടികളാണ് അനധികൃതമായി മുറിച്ചു കടത്തിയതെന്നും സംഭവത്തെത്തുടർന്ന് വിവിധ ഫോറസ്റ്റ് റേഞ്ചുകളിലായി 296 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.