എറണാകുളം: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടിയത്. വീഡിയോ കോളിലൂടെ മുൻ മന്ത്രിയുമായി സംസാരിച്ച ശേഷമാണ് ഡിസംബർ 16 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതായി കോടതി ഉത്തരവിട്ടത്. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തന്നെ വി. കെ ഇബ്രാഹിം കുഞ്ഞിന് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാനാകും.
അതേസമയം വിജിലൻസ് ചോദ്യം ചെയ്യൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാനുള്ള അപേക്ഷ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്യുമെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കർശന ഉപാധികളോടെ വിജിലൻസ് കോടതി നൽകിയ അനുമതിയോടെയായിരുന്നു തിങ്കളാഴ്ച ആശുപത്രിയിലെത്തി വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്.
പാലാരിവട്ടം പാലം അഴിമതി കേസിൽ നവംബർ പതിനെട്ടിനായിരുന്നു അദ്ദേഹത്തെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അർബുദ രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യസ്ഥി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ സംഘത്തെ കോടതി തന്നെ നിയോഗിക്കുകയായിരുന്നു. മെഡിക്കൽ സംഘം നൽകിയ റിപ്പോർട്ട് അനുസരിച്ച് ആശുപത്രിയിൽ തന്നെ ജുഡീഷ്യൽ കസ്റ്റഡിൽ തുടരട്ടെയെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. അതോടൊപ്പം പ്രതിയെ കസ്റ്റഡിയിൽ വിടണമെന്ന വിജിലൻസിന്‍റെ അപേക്ഷയും കോടതി തള്ളിയിരുന്നു.