എറണാകുളം: കൊച്ചിയില്‍ ദലിത് യുവതി സംഗീതയുടെ മരണത്തില്‍ ഭർത്താവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. സംഗീതയുടെ ഭര്‍ത്താവ് തൃശൂര്‍ സ്വദേശി സുമേഷ് (32), സുമേഷിന്‍റെ അമ്മ രമണി (56), സഹോദരന്‍റെ ഭാര്യ മനീഷ (24) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്ത്രീധനത്തിന്‍റെ പേരിൽ പീഡിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചുവെന്നും ചൂണ്ടിക്കാട്ടി സംഗീതയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി.
മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സ്ത്രീധന പീഡനം, സ്ത്രീധന മരണം, ആത്മഹത്യ പ്രേരണ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾക്ക് പുറമേ ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഗീതയുടെ മരണം സംഭവിച്ച് 42-ാം ദിവസമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.
പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. പ്രതികളെ തിരിച്ചറിയുന്നതിനായി സംഗീതയുടെ അമ്മയെയും ബന്ധുക്കളെയും സ്റ്റേഷനിൽ എത്തിച്ചിരുന്നു. പ്രതികളെ കണ്ടയുടൻ ബന്ധുക്കള്‍ ബഹളമുണ്ടാക്കിയത് പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങള്‍ക്ക് കാരണമായി.
സംഗീത ജീവനൊടുക്കാന്‍ കാരണം ഭർത്താവും ബന്ധുക്കളുമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ജൂൺ ഒന്നിനാണ് സംഗീതയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്.
Also read: പുനലൂരിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി