" ആരും പട്ടിണി കിടക്കരുത്, ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തവർക്കായി സാമൂഹിക അടുക്കളകളില്‍ പാകം ചെയ്ത് ഭക്ഷണം വീട്ടിലെത്തിക്കും"... ലോകം കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോൾ കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ വാക്കുകളാണിത്. കരുതലോടെ സർക്കാർ ഒപ്പം നിന്നപ്പോൾ കരുത്തോടെ കേരളം കൊവിഡ് എന്ന മഹാമാരിയെ നേരിടുകയാണ്.
ചൈനയിലെ വുഹാനില്‍ തുടങ്ങി ഇറാനിലേക്കും ഇറ്റലിയിലേക്കും സ്പെയിനിലേക്കും ഭീതിയുടെ മഹാമാരിയായി കൊവിഡ് 19 ആഞ്ഞടിച്ചപ്പോൾ ലോകം ഞെട്ടിവിറച്ചു. പിന്നീട് അറബ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് കൊവിഡ് പടർന്നുകയറിയപ്പോൾ ലോകത്തെ നിയന്ത്രിക്കുന്നുവെന്ന് സ്വയം അഭിരമിച്ചിരുന്ന അമേരിക്കയും ബ്രിട്ടണും കൊവിഡ് ഭീതിയെ നിസാരമായി കണ്ടു. പിന്നീട് വളരെ വേഗമാണ് ബ്രിട്ടൺ കൊവിഡിന് കീഴടങ്ങിയത്. കേരളത്തില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ഒരു മാസം കഴിഞ്ഞാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിക്കുന്നത്. 3.34 കോടി ജനസംഖ്യയുള്ള കേരളത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30നാണ്. അതേസമയം, 1.94 കോടി ജനസംഖ്യയുള്ള ന്യൂയോർക്കില്‍ കൊവിഡ് ആദ്യം സ്ഥിരീകരിച്ചത് മാർച്ച് ഒന്നിനാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ കേരളത്തില്‍ രോഗം പടർന്നു പിടിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും കൃത്യമായ മുന്നൊരുക്കങ്ങളും പ്രതിരോധ മാർഗ്ഗങ്ങളുമായി കേരളം കൊവിഡിനെ നേരിട്ടു. ഇതുവരെ രണ്ട് പേരെ മാത്രമാണ് കേരളം മരണത്തിന് വിട്ടുകൊടുത്തത്. 265 പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ അമേരിക്കയിലെ സ്ഥിതി ആശങ്കാജനകമാണ്. ന്യൂയോർക്കില്‍ മാത്രം ഏപ്രില്‍ അഞ്ച് വരെയുള്ള ഔദ്യോഗിക മരണ സംഖ്യ 3218 ആണ്. യുഎസില്‍ ഇതുവരെ 277,522 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയിലെ മുഴുവൻ ആരോഗ്യ സംവിധാനങ്ങളും ന്യൂയോർക്കില്‍ എത്തിക്കണമെന്നാണ് ഗവർണർ ആൻഡ്രു കൂമോ ആവശ്യപ്പെട്ടത്.
ന്യൂയോർക്കിന് തൊട്ടുപിന്നിലായി മരണനിരക്കില്‍ ന്യൂജഴ്സിയാണ് രണ്ടാം സ്ഥാനത്ത്. കാലിഫോർണിയയിലും മിഷിഗണിലും ഫ്ളോറിഡയിലും സ്ഥിതി വ്യത്യസ്തമല്ല. ജോൺ ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏപ്രില്‍ മൂന്നിനാണ് അമേരിക്കയില്‍ ഏറ്റവമധികം മരണം റിപ്പോർട്ട് ചെയ്തത്. 1480 മരണമാണ് ഏപ്രില്‍ മൂന്നിന് അമേരിക്കയില്‍ റിപ്പോർട്ട് ചെയ്തത്. രാത്രി വൈകിയും കൂട്ട സംസ്കാരങ്ങൾ, ന്യൂയോർക്കിലെ ആശുപത്രികളില്‍ ഗുരുതര രോഗികൾക്ക് പോലും സ്ഥലമില്ലാത്ത അവസ്ഥ, സൈന്യത്തെ വിളിക്കുമെന്നാണ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞത്. ഒരു മാസം മുൻപ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് മരണ രൂപമായി മാറിയപ്പോൾ, അത് വെറും പനി മാത്രമാണെന്നും അമേരിക്ക അതിനെ നിസാരമായി മാത്രമേ കാണുന്നുള്ളൂ എന്നുമാണ് ട്രംപ് പ്രതികരിച്ചത്. ക്വാറന്‍റൈനും ഐസൊലേഷനും അടക്കമുള്ള കാര്യങ്ങളെ കുറിച്ച് അമേരിക്ക അപ്പോൾ ചിന്തിച്ചതു പോലുമില്ല. രോഗം പരമാവധി പടരാൻ അവസരം നല്‍കിയ അമേരിക്ക ഇപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. അമേരിക്കയില്‍ മരണ സംഖ്യ രണ്ട് ലക്ഷം കടക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോൾ രോഗ പ്രതിരോധത്തില്‍ കാര്യങ്ങൾ കൈവിട്ടുപോയ ഇറ്റലിയും സ്പെയിനും അമേരിക്കയ്ക്ക് പിന്നിലാകും. പഴുതടച്ച പരിശോധനാ സംവിധാനങ്ങളും വെന്‍റിലേറ്ററുകളും കൊവിഡ് പ്രതിരോധത്തിന് അനിവാര്യമാണെന്ന സന്ദേശമാണ് അമേരിക്ക ലോകത്തിന് കൈമാറുന്നത്.
2019 നവംബറില്‍ സംഹാര രൂപം പ്രാപിച്ച കൊവിഡ് 19 ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ മരണത്തിന്‍റെ രൂപത്തിലേക്ക് പടരാൻ തുടങ്ങിയപ്പോൾ തന്നെ കേരളം, സർവ ശക്തിയുമെടുത്ത് പ്രതിരോധ മാർഗ്ഗങ്ങൾ തേടി. " കേരളം ഇന്ന് ചെയ്യുന്നത് നാളെ ഇന്ത്യ ചെയ്യേണ്ടി വരുമെന്ന്" ഇന്ത്യയിലെ പ്രമുഖ മാധ്യമം വിശേഷിപ്പിച്ച പ്രതിരോധ മാർഗ്ഗങ്ങൾ തേടി തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങൾ കേരളത്തിലേക്ക് ആരോഗ്യ വിദഗ്ധരെ അയയ്ക്കുന്ന സാഹചര്യമുണ്ടായി.
അവിടെ നിന്നാണ് കൊവിഡ് പ്രതിരോധത്തില്‍, ലോകത്തിന് തന്നെ മാതൃകയായ കേരള മോഡല്‍ രൂപം കൊള്ളുന്നത്. ' കൃത്യമായ പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ, വിദേശത്തെ ആരോഗ്യ വിദഗ്ധരുമായി നിരന്തരം ബന്ധപ്പെട്ട് നടത്തിയ സംവാദങ്ങൾ, വിദേശത്തു നിന്നെത്തിയ ഓരോരുത്തരെയും കണ്ടെത്താനും റൂട്ട് മാപ്പ് തയ്യാറാക്കാനുമുള്ള ശ്രമം, രോഗ ലക്ഷണമുള്ളവർക്ക് നിർബന്ധിത ഐസൊലേഷനും ക്വാറന്‍റൈനും. സർക്കാരും ആരോഗ്യ പ്രവർത്തകരും ചേർന്ന് നടത്തിയ വിലയിരുത്തലും തുടർ നടപടികളും, ശക്തമായ മുന്നൊരുക്കങ്ങളുമായി കേരളം കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയാകുകയാണ്.
ലോകത്തെ വിറപ്പിച്ച നിപ്പയെന്ന മാരക പകര്‍ച്ചവ്യാധിയെ പിടിച്ചു കെട്ടിയ അനുഭവ സമ്പത്താണ് കൊവിഡിന് മുന്നില്‍ പകച്ചു നില്‍ക്കാതെ കേരളത്തിന്‍റെ ആരോഗ്യ മേഖലയ്ക്ക് കരുത്തായത്. 2018 മെയ് 2 മുതല്‍ ജൂണ്‍ 10 വരെ കേരളം വിറങ്ങലിച്ചു നിന്നത് നിപ്പയെന്ന മഹാവ്യാധിക്ക് മുന്നിലാണ്. പക്ഷേ ആരോഗ്യ വകുപ്പ് നടത്തിയ പഴുതടച്ചുള്ള ആരോഗ്യ-പ്രതിരോധ പ്രവര്‍ത്തനങ്ങൾ നിപ്പയെ ആശങ്കയില്ലാതെ നേരിടാൻ കേരളത്തിന് സഹായകരമായി.
കേരളത്തിന്‍റെ ആരോഗ്യ വകുപ്പിന്‍റെ ശ്രമങ്ങൾക്ക് ദേശീയ, അന്തർദേശീയ തലത്തില്‍ അംഗീകാരം ലഭിക്കാനും അത് കാരണമായി. 2020 ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിന്‍റെ ആരോഗ്യ രംഗം കൂടുതല്‍ ജാഗരൂകമായി. ആരോഗ്യ- പ്രതിരോധ രംഗത്ത് ശ്രദ്ധയും കരുതലും ജാഗ്രതയും വേണമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രോഗം സ്ഥിരീകരിക്കുകയും കേന്ദ്ര കാബിനറ്റ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇക്കാര്യം സംസ്ഥാനത്തെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. വുഹാനില്‍ നിന്ന് തിരിച്ചെത്തിയ 20 പേരുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചതില്‍ ഒരാള്‍ക്കു മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി ഉന്നത തല യോഗം ചേര്‍ന്നു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 200 ലേറെ മലയാളികൾ ചൈനയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്താനുണ്ടായിരുന്നതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ഏര്‍പ്പെടുത്തി. 1036 പേരെ വീടുകളിലും 15 പേരെ ആശുപത്രികളിലും നിരീക്ഷണത്തിലാക്കി. പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറും ഏര്‍പ്പെടുത്തി.
സമ്പർക്ക പട്ടികയുടെ കേരള മാതൃക
കേരളത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റി. 20 മുറികള്‍ സജ്ജമാക്കി. 24 പേരെ ഒരേ സമയം നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും സൗകര്യമൊരുക്കി. ഓരോ രോഗിക്കും പ്രത്യേകം ശൗചാലയങ്ങളും ഒരുക്കി. വിദ്യാര്‍ഥിനിക്ക് രോഗം സ്ഥിരീകരിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കി അവിടേക്ക് മാറ്റി. അവർക്കൊപ്പം വുഹാനില്‍ നിന്നെത്തിയ അഞ്ചു വിദ്യാര്‍ഥികളെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.
മറ്റ് സംസ്ഥാനങ്ങള്‍ ആലോചിക്കാത്തതും എന്നാല്‍ കേരളത്തില്‍ രോഗ വ്യാപനം ചെറുക്കാന്‍ ഫലപ്രദമായി കണ്ടെത്തിയതുമായ മാര്‍ഗമായിരുന്നു രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക എന്നത്. രോഗി ആരോടെല്ലാം ഇടപഴകിയിട്ടുണ്ടെന്ന് കണ്ടെത്തി അവരുടെ പട്ടിക അടിയന്തരമായി കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ഉടന്‍ നടപടിയാരംഭിച്ചു. രോഗിയുമായി അടുത്തിടപഴകിയവര്‍ ഉടന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇക്കാര്യം ആരും പുറത്തു പറയാന്‍ മടിക്കരുതെന്നും അവര്‍ ഉടന്‍ വിവരം വെളിപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ലാ കലക്ടർമാരും ഡിഎംഒമാരും നേരിട്ടാണ് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയത്.
ആശുപത്രിയില്‍ കഴിയുന്നവരും ജീവനക്കാരും മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മാസ്‌ക് അണിയുന്നതിനുള്ള രീതികളെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും ആശുപത്രികളില്‍ ഉച്ചഭാഷിണികളിലൂടെ കൃത്യമായ ഇടവേളകളില്‍ അറിയിപ്പ് നല്‍കിത്തുടങ്ങി. ചൈനയില്‍ നിന്ന് നാട്ടിലെത്തിയവര്‍ രോഗ ലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും ആരോഗ്യ വകുപ്പിനെ ബന്ധപ്പെടുകയോ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരമറിയിക്കുകയോ ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന മന്ത്രിയുടെ അറിയിപ്പ് ഫലം കണ്ടു തുടങ്ങി. നിരീക്ഷണത്തിലുള്ളവർ മാത്രമല്ല, ഇവരുടെ കുടുംബാംഗങ്ങളും 28 ദിവസം വീടുകളില്‍ തന്നെ കഴിയണമെന്നും പൊതു ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അത്തരം വീടുകളില്‍ വിവാഹം പോലുള്ള ചടങ്ങുകള്‍ മാറ്റി വയ്ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടതും രോഗ വ്യാപനം തടയാന്‍ തുടക്കത്തിലേ സഹായകമായി.
ബ്രേക്ക് ദ ചെയിൻ കേരള മാതൃക
ആലപ്പുഴയിലും കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടും ഓരോരുത്തര്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ കൊവിഡ് 19നെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആരോഗ്യ വിഷയത്തില്‍ സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവം. മൂന്നു പേരും വുഹാനില്‍ നിന്ന് ഒരേ വിമാനത്തില്‍ കേരളത്തിലെത്തിയവര്‍. സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചു. രോഗം പടരാതിരിക്കാൻ ബ്രേക്ക് ദ ചെയിൻ കാമ്പയിൻ ആരംഭിച്ചു. കൈകൾ കഴുകുന്നതിന്‍റെ പ്രാധാന്യം കേരളത്തിന്‍റെ മുക്കിലും മൂലയിലും അറിയിപ്പായി എത്തി. ഇതോടെ സർക്കാരിനൊപ്പം സന്നദ്ധ സംഘടനകളും പൊതുജനങ്ങളും ബ്രേക്ക് ദ ചെയിൻ കാമ്പയിനില്‍ ഒരു പോലെ പങ്കു ചേർന്നു. വഴിയോരങ്ങളിലും സർക്കാർ ഓഫീസുകളിലും അടക്കം എവിടെയെല്ലാം ആളുകൾ ഒത്തുകൂടുന്നുവോ അവിടെയല്ലാം കൈകഴുകാൻ സാനിറ്ററൈസറും സോപ്പും വെള്ളവും സ്ഥാപിച്ചു. ഒറ്റ ദിവസം കൊണ്ട് മുന്നൂറോളം ഡോക്ടർമാർക്കും അതിലേറെ നഴ്സിങ് സ്റ്റാഫിനുമാണ് കേരളത്തില്‍ ആരോഗ്യ വകുപ്പ് സ്ഥിര നിയമനം നല്‍കി അടിയന്തര പ്രാധാന്യത്തോടെ സർവീസിലെടുത്തത്.
"സാമൂഹിക ഒരുമയും ശാരീരിക അകലവുമെന്ന" സംസ്ഥാന സർക്കാർ മുദ്രാവാക്യം കേരളം ഏറ്റെടുമ്പോൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ അതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ കേരളത്തിലെ എല്ലാ ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു. ചെറിയ രോഗലക്ഷണങ്ങളുമായി വരുന്നവരെ ജില്ലാ ആശുപത്രികളിലും സങ്കീര്‍ണമായ ലക്ഷണങ്ങളുമായി വരുന്നവര്‍ക്ക് മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കി നിര്‍ത്തി. സംശയമുള്ള രോഗ ലക്ഷണങ്ങളുമായി വരുന്നവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയക്കാനുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ ഒരുക്കി. ടെസ്റ്റ് ചെയ്ത് ഫലം നെഗറ്റീവ് ആകുന്നുതുവരെ ബാഹ്യസമ്പര്‍ക്കം ഒഴിവാക്കി.
അവബോധത്തിന്‍റെ കേരള മാതൃക
രോഗം പകരുന്ന മാര്‍ഗങ്ങളെ കുറിച്ച് സമൂഹത്തിന് കൃത്യമായ അറിവുണ്ടാക്കുകയും അതേ കുറിച്ച് ബോധം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളാണ് കേരളത്തില്‍ കൊവിഡ് ദുരന്തത്തെ ഇത്രയേറെ അകറ്റി നിര്‍ത്താനായത്. ആദ്യം മുതലേ ഇക്കാര്യത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും വിജയിച്ചു. ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുമാകും രോഗം കേരളത്തിലേക്കെത്തുക എന്ന് ആരോഗ്യ വകുപ്പ് മുന്‍കൂട്ടി കണക്കു കൂട്ടി. രോഗാണു വാഹകരായ ആളുകള്‍ പൊതു ജനങ്ങളിലേക്കെത്താത്തിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി. റെയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിലും തെർമല്‍ സ്ക്രീനിങും വാഹന പരിശോധനയും ശക്തമാക്കി. വിദേശത്തു നിന്ന് വരുന്നവർ 14 ദിവസം വീടിനു പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ ലിസ്റ്റ്, അവരുടെ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറുന്ന സംവിധാനം നിലവില്‍ വന്നു.
വിമാനത്താവളത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കൗണ്ടര്‍ തുറന്നു. പനിയുമായെത്തുന്ന യാത്രക്കാരെ അവിടെ വച്ചു തന്നെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഈ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരുടെ വിവരങ്ങള്‍ വച്ച് ഒരു ഗൂഗിള്‍ ഷീറ്റ് രൂപീകരിച്ചു. കലക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും അവലോകന യോഗം നടക്കുന്നു. ഇപ്പോഴും അതിന് മുടക്കമില്ല. ക്വാറന്‍റൈനിലുള്ളവര്‍, ഐസൊലേഷനിലുള്ളവര്‍, അവരുടെ സമ്പര്‍ക്കത്തിലുള്ളവര്‍ എല്ലാവരുടെയും ലിസ്റ്റ് പുതുക്കിക്കൊണ്ടിരുന്നു. ഓരോ വീട്ടിലും ക്വാറന്‍റൈനിലുള്ളവരെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആശ വർക്കർമാർ ഗ്രാമങ്ങളിലെ വീടുകൾ കയറിയിറങ്ങി വിവരങ്ങൾ ശേഖരിച്ചു. വിദേശത്തു നിന്നെത്തിയവരോട് നിർബന്ധിത ക്വാറന്‍റൈനില്‍ പോകാൻ നിർദ്ദേശിച്ചു. രോഗ ലക്ഷണമുള്ളവരെ ആരോഗ്യ പ്രവർത്തകർ നേരിട്ട് ആശുപത്രികളിലേക്ക് മാറ്റി. കേരളത്തിലെ ഓരോ ജില്ലയിലും എത്ര രോഗികൾ ഉണ്ടെന്നും രോഗത്തിന്‍റെ സ്ഥിതി വിവരം എന്തെല്ലാമാണെന്നും സർക്കാർ ഓരോ ദിവസും ക്യത്യമായ മാർഗ നിർദ്ദേശങ്ങളും വിവരങ്ങളും പുറത്തുവിടുന്നുണ്ട്. ഇപ്പോഴും അത് കൃത്യമായി തുടരുകയാണ്. ഇന്ത്യയില്‍ ആദ്യം രോഗം ബാധിച്ച സംസ്ഥാനം ആയിട്ടു കൂടി രോഗം പടരുന്നതില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളേക്കാൾ മികച്ച പ്രതിരോധം സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞു.
കരുതലിന്‍റെ കേരള മാതൃക
കൊവിഡ് ആശങ്കയുടെ മഹാമാരിയായി മാറിയപ്പോൾ കേരളം കരുതലിന്‍റെ മതിലുയർത്തിയാണ് ജനങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റിയത്. അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും ചികിത്സയും ശുചിത്വമുള്ള താമസസൗകര്യവും ഒരുക്കുന്നതില്‍ സർക്കാർ കൂടുതല്‍ ശ്രദ്ധ പുലർത്തി. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യ അരി നല്‍കാൻ സർക്കാർ നടപടി സ്വീകരിച്ചു. ആരും പട്ടിണി കിടക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും കേരളത്തെ കൊവിഡിന് വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രിയും കേരളത്തിന് നല്‍കിയത് രോഗ ഭീതിയില്‍ നിന്നുള്ള മോചനമാണ്. ക്ഷേമ പെൻഷനുകൾ മുൻകൂട്ടി നല്‍കിയും പഞ്ചായത്തുകൾ തോറും സാമൂഹിക അടുക്കളകൾ സ്ഥാപിച്ച് ഭക്ഷണ വിതരണത്തിനും കേരളം തയ്യാറെടുത്തു.
കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഓഡിറ്റോറിയങ്ങൾ, സ്കൂളുകൾ, ഹോട്ടലുകൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവ ഏറ്റെടുത്ത് കൊവിഡ് കേന്ദ്രങ്ങളാക്കാനും സർക്കാർ തീരുമാനിച്ചു. രോഗ വ്യാപനം മുൻകൂട്ടി കണ്ട് ഏഴ് ജില്ലകൾ അതീവജാഗ്രതാ പ്രദേശങ്ങളായി പ്രഖ്യാപിച്ച സർക്കാർ തെരഞ്ഞെടുത്ത ജില്ലകളില്‍ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി പ്രത്യേക ആശുപത്രികൾ സ്ഥാപിച്ചു. കൊവിഡ് ഏറ്റവുമധികം ബാധിച്ച കാസർകോട് ജില്ലയില്‍ പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിച്ചു. ലോക്‌ഡൗണിനും നിരോധനാജ്ഞയ്ക്കും പുറമേ കാസർകോട്ട് പ്രത്യേക പരിരക്ഷണം കൂടി സംസ്ഥാന സർക്കാർ നല്‍കി.
മരണത്തിന് വിട്ടുകൊടുക്കാത്ത കേരള മാതൃക
ഇന്ത്യയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും പ്രായം കൂടിയ പത്തനംതിട്ട റാന്നി സ്വദേശി തോമസ് ( 93 ) രോഗം ഭേദമായി ആശുപത്രി വിടുമ്പോൾ കേരളം ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയർത്തി നില്‍ക്കുകയാണ്. കൊവിഡ് രോഗ ലക്ഷണമുള്ള പ്രായമായവരെ ചികിത്സിക്കാൻ പോലും യൂറോപ്യൻ രാജ്യങ്ങൾ തയ്യാറാകാതിരിക്കുമ്പോഴാണ് രോഗം ഭേദമായി തോമസും ഭാര്യ മറിയാമ്മയും (88) ആശുപത്രി വിടുന്നത്. മരണത്തെ പിടിച്ചു നിർത്താൻ ആർക്കും കഴിയില്ല. പക്ഷേ മരണത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കാൻ കേരളത്തിലെ ആരോഗ്യവകുപ്പും പൊതു സമൂഹവും സന്നദ്ധമാണ്. വിനോദ സഞ്ചാരത്തിനായി കേരളത്തിലെത്തിയ ഏഴ് വിദേശികൾ രോഗം ഭേദമായി സ്വന്തം നാട്ടിലേക്ക് മടങ്ങി. പരിചരണത്തിനിടെ രോഗം സ്ഥിരീകരിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രേഷ്മയ്ക്ക് രോഗം ഭേദമായപ്പോൾ ആശ്വാസവും അതിലേറെ അഭിമാനവുമാണ് കേരളം. "പ്രതിരോധമാണ് ഏറ്റവും നല്ല ആക്രമണമെന്ന് " കാലം തെളിയിച്ചിട്ടുണ്ട്. കേരളം സർവ ശക്തിയുമെടുത്ത് കൊവിഡിനെ പ്രതിരോധിക്കുകയാണ്. നിപ്പയെ തോല്‍പ്പിച്ച കേരളം കൊവിഡിനെയും തോല്‍പ്പിക്കും.