എറണാകുളം : കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം നടത്തിയവർക്കെതിരായ കേസുകളെന്തായെന്ന് സംസ്ഥാന സർക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. കേസുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഡിപിആർ സംബന്ധിച്ച നിലപാടിൽ മാറ്റമുണ്ടോയെന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.
സാമൂഹികാഘാത പഠനം നിർത്തിയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പദ്ധതിക്കും ഭൂമി ഏറ്റെടുക്കലിനും കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും എന്നാൽ ഡിപിആറിന് അംഗീകാരം ലഭിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്‍റെ വിവിധ വകുപ്പുകൾ വിഷയത്തിൽ വ്യത്യസ്‌ത നിലപാടാണ് സ്വീകരിക്കുന്നത്.
Also read: കെ റെയിൽ ഉപേക്ഷിച്ചിട്ടില്ല, കേന്ദ്ര അനുമതിക്കായി കാത്തിരിക്കുകയാണെന്ന് പിണറായി വിജയൻ
കെ റെയിലിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഡിപിആറിന് അംഗീകാരം ലഭിക്കാതെ ഭൂമി ഏറ്റെടുക്കലുമായി എങ്ങനെ മുന്നോട്ട് പോകുമെന്ന് കോടതി ചോദിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും.