എറണാകുളം: കൊച്ചിയിൽ ശക്തമായ മഴയെ തുടർന്ന് വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ വെള്ളത്തിലായതോടെ ഗതാഗതകുരുക്കും രൂക്ഷമായി. കഴിഞ്ഞ രാത്രി മഴ നിർത്താതെ പെയ്‌തതോടെയാണ് നഗരത്തിൽ പലയിടങ്ങളിലും വെള്ളമുയർന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റ് പൂർണമായും വെള്ളത്തിൽ മുങ്ങി.
സൗത്ത് റെയിൽവേ സ്റ്റേഷൻ, എം.ജി.റോഡ്, കലൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും വെള്ളമുയർന്നത്. അതേസമയം തൃപ്പൂണിത്തുറയിലും, കളമശേരിയിലും തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.
ALSO READ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ശക്‌തമായ കാറ്റിനും സാധ്യത
നഗരത്തിലെ കനാലുകളിലെ ഒഴുക്ക് തടസപ്പെടുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണങ്ങളിലൊന്ന്. ഇതേ തുടർന്ന് മുല്ലശ്ശേരി കനാൽ ഉൾപ്പടെ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്ന് വരികയായിരുന്നു. സമയബന്ധിതമായി ഇത്തരം പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതും വെള്ളക്കെട്ട് ആവർത്തിക്കുന്നതിന് കാരണമാവുകയാണ്.