എറണാകുളം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മതിയായ സൗകര്യം ഏർപ്പെടുത്തണമെന്ന ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. രണ്ടാഴ്‌ച്ചയ്‌ക്കുള്ളില്‍ ഇതുസംബന്ധിച്ച് വിശദീകരണം നൽകാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബത്തേരിയിൽ വിദ്യാർഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ മതിയായ ചികിത്സ സൗകര്യം ഉറപ്പാക്കണമെന്ന ഹർജിയിലാണ് കോടതിയുടെ നിർദേശം.
സംസ്ഥാനത്തെ 76 സർക്കാർ ആശുപത്രികളിൽ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലെന്നും 16 ജില്ലാ ആശുപത്രികളിലും, 18 ജനറല്‍ ആശുപത്രിയിലും വെന്‍റിലേറ്റർ സൗകര്യങ്ങൾ ഇല്ലെന്നും അതിനാല്‍ രോഗികളെ മെഡിക്കൽ കോളജുകളിലേക്ക് അയക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും അഭിഭാഷകൻ കുളത്തൂർ ജയ്സിംഗ് സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനോട് നിലപാട് തേടിയിരിക്കുന്നത്.