കൊച്ചി : 2012ല്‍ ടാക്‌സി ഡ്രൈവര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. അന്വേഷണം വിചിത്രമാണെന്നും പ്രോസിക്യൂഷൻ വാദങ്ങള്‍ അപര്യാപ്‌തമാണെന്നും തെളിവുകളുടെ അഭാവമുണ്ടെന്നും വ്യക്തമാക്കിയാണ് നടപടി.
കേസിലെ ഒന്നാം പ്രതി തമിഴ്‌നാട് ഈറോഡ് സ്വദേശി സെല്‍വിന്‍റെ (മണി 28) ജീവപര്യന്തവും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന അഞ്ചാം പ്രതി തേനി കമ്പം സ്വദേശി പാണ്ടി (41)യുടെ ഒരു വര്‍ഷം കഠിന തടവുമാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സിയാദ് റഹ്മാനും അടങ്ങിയ ഡിവിഷന്‍ ബഞ്ച് പൊലീസ് വീഴ്‌ചയെ രൂക്ഷമായി വിമര്‍ശിച്ചു.
പ്രോസിക്യൂഷനെതിരെ വിമർശനം
കേവലം സാഹചര്യ തെളിവ് മാത്രമാണ് കേസിലുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെയുള്ള പ്രതികളുടെ കുറ്റസമ്മതം കോടതിക്ക് വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നും കേസ് രൂപപ്പെടുത്തുന്നതിലും തെളിവുകൾ ശേഖരിക്കുന്നതിലും ഉദ്യോഗസ്ഥർ ശ്രദ്ധ നൽകണമായിരുന്നുവെന്നും കോടതി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ തെളിവുകള്‍ പോലും അസ്ഥിരവും വിശദാംശങ്ങള്‍ ഇല്ലാത്തതുമായിരുന്നു. കൊല്ലപ്പെട്ടയാളുടേതാണ് കാര്‍ എന്ന് തെളിയിക്കാന്‍ പോലും കഴിയാത്തത് പ്രോസിക്യൂഷന്‍റെ വീഴ്‌ച തുറന്നുകാട്ടുന്നുവെന്നും കോടതി പറഞ്ഞു.
കേസിനാസ്‌പദമായ സംഭവം
2012 ഓഗസ്റ്റ് 16ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്‌പദമായ സംഭവം. പെരുമ്പാവൂരില്‍ നിന്ന് ഇടുക്കിയിലെ പൂപ്പാറയിലേക്ക് ടാക്‌സി വിളിക്കുകയും അവിടെ നിന്ന് മടങ്ങിവരവെ ഡ്രൈവറെ കൊലപ്പെടുത്തി വാഹനം കവരുകയായിരുന്നു.
പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചുറ്റികകൊണ്ടും കമ്പിവടികൊണ്ടും അടിച്ചുവീഴ്ത്തി, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
ALSO READ: കർണാടകയിൽ നിശാ പാർട്ടിക്കിടെ പൊലീസ് റെയ്‌ഡ്; 12 പേർ അറസ്റ്റിൽ