എറണാകുളം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ കള്ളക്കടത്തിലെ പ്രധാന പ്രതികളിലൊരാളെന്ന് സംശയിക്കുന്ന സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരത്ത് നിന്നും കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് ഓഫിസിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ പതിനൊന്നരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം അഞ്ചര മണിവരെ തുടർന്നു. ഇവരിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന.
സന്ദീപ് നിരവധി തവണ വിദേശയാത്ര നടത്തിയിരുന്നു. ബിസിനസ് ആവശ്യത്തിനാണെന്നാണ് പറഞ്ഞിരുന്നത്. സ്വപ്നയെ അറിയില്ലന്നും തങ്ങളുടെ കടയുടെ ഉദ്ഘാടനത്തിനാണ് ആദ്യം കണ്ടതെന്നും അവർ മൊഴി നൽകിയിട്ടുണ്ട്. അതേ സമയം സ്വർണക്കടത്തിൽ ഇവർക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല. നയതന്ത്ര ബഗേജ് വഴിയുള്ള സ്വർണക്കടത്തില്‍ സരിത്തിനും സ്വപ്നയ്ക്കും ഒപ്പം സന്ദീപും പങ്കാളിയാണെന്നാണ് കസ്റ്റംസ് കരുതുന്നത്.
ഒളിവിൽ പോയ സന്ദീപിനായും കസ്റ്റംസ് തിരച്ചിൽ ശക്തമാക്കി. ഡിപ്ലോമാറ്റിക് ബാഗേജ് അയച്ച യു.എ.ഇയിലെ ഫാസിൽ എന്നയാളുടെ കേരളത്തിലെ ബന്ധത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ സരിത്തിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി നാളത്തേക്ക് മാറ്റി. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായാല്‍ സരിത്തിനെ കോടതിയിൽ നേരിട്ട് ഹാജരാക്കാനും എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതി നിർദേശിച്ചു.