എറണാകുളം : രാജ്യത്തെ മത്സ്യബന്ധന മേഖലയിലെ കയറ്റുമതി (Exports in fisheries sector) ഒരു ലക്ഷം കോടി രൂപയായി ഉയർത്തുമെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ഡോക്‌ടർ എൽ മുരുകൻ (Union Minister of State for Fisheries Dr. L. Murugan). 2024-2025 വർഷത്തിൽ ഇത് സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി തോപ്പുംപടിയിൽ ഫിഷറീസ് ഹാർബർ (Kochi Thopumpady Fisheries Harbor) സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ബജറ്റിൽ പ്രഖാപിച്ചത് പോലെ രാജ്യത്ത് കൊച്ചി, ചെന്നൈ, വിശാഖപട്ടണം, ഒഡീഷയിലെ പാരാദിപ് , പശ്ചിമ ബംഗാൾ ഉൾപ്പടെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തും. ഇതിന്‍റെ ഭാഗമായി തുറമുഖങ്ങളിൽ തന്നെ ഐസ് പ്ലാന്‍റുകളും സംസ്‌കരണ സൗകര്യങ്ങളും സജ്ജീകരിക്കും. തുറമുഖങ്ങൾ ആധുനിക വൽക്കരണത്തിലൂടെ മത്സ്യത്തൊഴിലാളികളുടെ ഉത്പന്നങ്ങൾക്ക് നല്ല വില കിട്ടുന്ന സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യ തൊഴിലാളികൾ ചികിത്സാ സൗകര്യമുൾപ്പടെ ലഭിക്കുന്ന അന്താരാഷ്‌ട്ര നിലവാരമുള്ള ഹാർബറുകളാക്കി മാറ്റും. ഇത്തരത്തിൽ ഹാർബറുകളിൽ ആവശ്യമായ അന്താരാഷ്‌ട്ര സൗകര്യങ്ങൾ എന്തൊക്കെയാണോ അതെല്ലാം ലഭ്യമാക്കും. തമിഴ്‌നാട്ടിൽ പ്രത്യേക സാമ്പത്തിക മേഖലയിൽ സ്ഥാപിക്കുന്ന കടൽ പായൽ സംസ്‌കരണ കേന്ദ്രത്തിന്‍റെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറായി കൊണ്ടിരിക്കുകയാണ്. ഇത് മത്സ്യമേഖലയിലെ സ്‌ത്രീകൾക്ക് തൊഴിൽ സാധ്യതയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.