എറണാകുളം: കുർബാന ഏകീകരിക്കാനുള്ള സിറോ മലബാർ സഭാ സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികൻമാർ. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇടയ ലേഖനം അതിരൂപതയിലെ പള്ളികളിൽ വായിക്കില്ല. ഇടയലേഖനം വയിച്ചാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും വൈദികർ വ്യക്തമാക്കി.
ജനാഭിമുഖ കുർബാന തുടരാന്‍ അനുവദിക്കണം
ജനാഭിമുഖ കുർബാനയിൽ നിന്നും അൾത്താരാഭിമുഖ കുർബാനയിലേക്കുള്ള മാറ്റം സാധ്യമല്ല. കുർബാന ഏകീകരണത്തിനെതിരെ സിനഡിൽ തന്നെ ബിഷപ്പുമാർ എതിർപ്പ് അറിയിച്ചതായാണ്. പത്ത് ദിവസം നീണ്ടുനിന്ന സിനഡിൽ കുർബാന എകീകരണമെന്ന ഒറ്റ വിഷയം മാത്രമാണ് ചർച്ച ചെയ്‌തത്. ഇത്രയും ദിവസം തീരുമാനം നീണ്ട് പോയത് നിരവധി പിതാക്കന്മാർ ഇതിനെതിരായ നിലപാട് സ്വീകരിച്ചതിനാലാണെന്നും അതിരൂപത വൈദികസമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
മാര്‍പാപ്പയുടെ കത്ത് തെറ്റായി വ്യാഖ്യാനിച്ചു
മാർപാപ്പയുടെ കത്ത് പ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്നത് ശരിയല്ല. വിശ്വാസികളുടെ മേൽ ഒരു തീരുമാനം അടിച്ചേല്‍പ്പിക്കുന്നതല്ല മാർപാപ്പയുടെ കത്തെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാൻ പ്രതിനിധി സിനഡിന്‍റെ ആമുഖ പ്രസംഗത്തിൽ ജനാഭിമുഖ കുർബാന നിലവിലുള്ള രൂപതകളിൽ അൾത്താരഭിമുഖ അടിച്ചേല്‍പ്പിക്കരുതെന്ന് വ്യക്തമാക്കിയതാണെന്നും ഫാദർ കുര്യാക്കോസ് മുണ്ടാടൻ ചൂണ്ടികാണിച്ചു.
ജനാഭിമുഖ കുർബാനയെ തകർത്തത് ചില മെത്രാന്മാര്‍
അതിരൂപതയിലെ വൈദികൻമാർ മെട്രോപൊളിറ്റൻ ബിഷപ്പ് ആന്‍റണി കരിയിലിനെ ബിഷപ്പ് ഹൗസിലെത്തി തങ്ങളുടെ തീരുമാനം അറിയിച്ചു. മാർപ്പാപ്പയെ നേരിൽ കണ്ട് നിലവിൽ തുടർന്ന് പോരുന്ന ജനാഭിമുഖ കുർബാന തുടരാനുള്ള അനുമതി വാങ്ങി നൽകണമെന്നും വൈദികർ ആവശ്യപ്പെട്ടു. ജനാഭിമുഖ കുർബാനയെന്ന ഐക്യരൂപം നേരത്തെ തകർത്തതും ചില മെത്രാന്മാരാണെന്നാണ് വൈദികരുടെ വിമർശനം.
കുർബാന ഏകീകരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ യോഗം ചേർന്ന് പ്രമേയം പാസാക്കുകയും ചെയ്‌തു. അൾത്താരഭിമുഖമായി കുർബാനയർപ്പിക്കുന്ന ഏകീകൃത രീതിയിലേക്ക് മാറാനായിരുന്നു വെള്ളിയാഴ്‌ച സമാപിച്ച സിറോ മലബാർ സഭയുടെ ഇരുപത്തിയൊമ്പതാമത് സിനഡിൽ തീരുമാനമായത്.
Read more: സിറോ മലബാര്‍ സഭയുടെ ആരാധനാക്രമം ഏകീകരിക്കൽ ; പ്രതിഷേധവുമായി വൈദികർ