കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യരക്ഷ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ആരോഗ്യ വകുപ്പ് അധികൃതർ യോഗം ചേർന്നു. ജില്ലയിലെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ ഡോക്ടർമാർ സന്ദർശിച്ചു. ഡോക്സി സൈക്ലിൻ ഉൾപ്പടെയുള്ള അവശ്യമരുന്നുകളും ഒ ആർ എസും ക്യാമ്പുകളിൽ നൽകിയെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കിടപ്പുരോഗികൾ, പ്രമേഹം പോലുള്ള രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ, ഡയാലിസിസ് ചെയ്യുന്നവർ എന്നിവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. അവർക്ക് വേണ്ട ചികിത്സയും സംരക്ഷണവും പ്രത്യേകം നൽകും.
ചിക്കൻപോക്സ്, എച്ച് വൺ എൻ വൺ പോലുള്ള പകർച്ചവ്യാധികളുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യം ഒരുക്കും. ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് വേണ്ട പരിചരണം നൽകുന്നതിനായി ആർ സി എച്ച് ഓഫീസറിനെ ചുമതലപ്പെടുത്തി. ക്യാമ്പുകളിലേക്കുള്ള സേവനത്തിനായി മെഡിക്കൽ ഓഫീസറിനെ ചുമതലപ്പെടുത്തി. കൂടാതെ ഓരോ ക്യാമ്പിലും ഒരു ഫീൽഡ് സ്റ്റാഫിനെയും ഒപ്പം വൈകീട്ട് അഞ്ച് മണി വരെ ആശ വർക്കർമാരുടെ സേവനവും ലഭ്യമാക്കും. ക്യാമ്പിൽ അന്തേവാസികൾക്കുള്ള കുടിവെള്ളം, ശുചിത്വം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലും ആരോഗ്യ വകുപ്പ് അധികൃതർ മേൽനോട്ടം വഹിക്കും. ഒ പിയിലും ക്യാമ്പിലും ഹൗസ് സർജൻമാരുടെ സേവനവും ലഭ്യമാക്കും. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും ആവശ്യമെങ്കിൽ ഉറപ്പ് വരുത്തും.