എറണാകുളം: കൊച്ചി മേയർ സൗമിനി ജെയിന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷനിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡുകൾ തകർത്ത് കോർപ്പറേഷനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്, മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട മേയർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി കൊച്ചി കോർപ്പറേഷനിലേക്ക് മാർച്ച് നടത്തിയത്. മേനക ജംഗ്ഷനിൽ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ: എ.പി.അനിൽകുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വന്തം പാർട്ടിക്കുള്ളില്‍ നിന്നു തന്നെ രാജിവെക്കാൻ സമ്മര്‍ദമുണ്ടായിട്ടും മേയർ അധികാരത്തിൽ കടിച്ച് തൂങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചി കോർപ്പറേഷൻ ഭരണത്തിനെതിരെയുളള ജന വികാരമാണ് ഉപതെരെഞ്ഞെടുപ്പിൽ പ്രകടമായതെന്നും ഇനി വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇതിനേക്കാള്‍ വലിയ തിരിച്ചടി കോണ്‍ഗ്രസ് നേരിടേണ്ടി വരുമെന്നും എ.പി. അനില്‍കുമാര്‍ പറഞ്ഞു.
മേയര്‍ രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ മേയറെ വഴിയിൽ തടയണമെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി പറഞ്ഞു.