എറണാകുളം : ജില്ലയിലെ ലാബുകളില്‍ കൊവിഡ് ആന്‍റിജന്‍ പരിശോധനയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തി ജില്ല ഭരണകൂടം. 90% പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ച സാഹചര്യത്തില്‍ കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് ലാബുകളില്‍ ആന്‍റിജന്‍ പരിശോധന നിര്‍ത്താന്‍ തീരുമാനമായത്.
അടിയന്തര സാഹചര്യത്തില്‍ ഡോക്‌ടർമാര്‍മാരുടെ നിര്‍ദേശ പ്രകാരം മാത്രമേ ഇനി മുതല്‍ ആന്‍റിജന്‍ പരിശോധന അനുവദിക്കുകയുള്ളൂ. സ്വകാര്യ ലാബുകള്‍ ഒരു കാരണവശാലും ആന്‍റിജന്‍ ടെസ്റ്റ് നടത്താന്‍ പാടില്ല.
ALSO READ:IPL 2021: റോയല്‍സിന് ഇന്ന് ജയിക്കണം, സൺറൈസേഴ്‌സിന് മാനം കാക്കണം
സര്‍ക്കാര്‍,സ്വകാര്യ ലാബുകളില്‍ ലാബിന്‍റെ ശേഷി അനുസരിച്ച് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താം. സാമ്പിൾ കളക്ഷന് ശേഷം 12 മണിക്കൂറിനകം പരിശോധനാഫലം നല്‍കണമെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി.
എല്ലാ പരിശോധനാഫലങ്ങളും ലാബ് ഡയഗ്നോസിസ് മാനേജ്‌മെന്‍റ് സിസ്റ്റം പോര്‍ട്ടലില്‍ അതേദിവസം തന്നെ അപ്‌ലോഡ് ചെയ്യണം. അപൂര്‍ണവും വ്യക്തവുമല്ലാത്ത വിവരങ്ങള്‍ നല്‍കരുത്.
പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് പരിശോധനാഫലങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ വീഴ്‌ച വരുത്തുന്ന ലാബുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.