എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ദിലീപ് അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുത്തത്. ശബ്ദ രേഖകളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ബാലചന്ദ്രകുമാറിനെ വിളിച്ചു വരുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി മോഹനചന്ദ്രൻ പറഞ്ഞു. ദിലീപ് ഫോണുകൾ കൈമാറാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും എസ്.പി വ്യക്തമാക്കി.
നേരത്തെ ഹൈക്കോടതി അനുമതിയോടെ പ്രതികളെ ചോദ്യം ചെയ്യുന്ന വേളയിൽ ബാലചന്ദ്രകുമാറിന്‍റെ മൊഴിയെടുക്കുമെന്ന് കരുതിയിരുന്നു എങ്കിലും അദേഹത്തെ വിളിപ്പിച്ചിരുന്നില്ല. സിനിമാപ്രവർത്തകരായ റാഫി, അരുൺ ഗോപി, വ്യാസൻ എടവനക്കാട് എന്നിവരുടെയും മൊഴിയെടുത്തിരുന്നു.
ദിലീപ് ഉൾപ്പടെയുളള പ്രതികൾ പഴയ മൊബൈൽ ഫോൺ നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രോസിക്യൂഷൻ വെള്ളിയാഴ്‌ച കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ പ്രോസിക്യൂഷൻ സാക്ഷി ബാലചന്ദ്രകുമാർ ബ്ലാക്മെയിൽ ചെയ്‌തിന്‍റെ തെളിവുകൾ തന്‍റെ ഫോണിലുണ്ടെന്നും ഫോൺ നൽകാനാവില്ലെന്നും ദിലീപ് ഹൈകോടതിയെ അറിയിച്ചിരുന്നു. ഈ കേസ് ശനിയാഴ്‌ച കോടതി പരിഗണിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.
READ MORE: ഫോൺ കൈമാറുന്നതിൽ ആശങ്കയെന്തിനെന്ന് കോടതി; വാദം നാളത്തേക്ക് മാറ്റി