എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും പ്രതികളെന്ന് കസ്റ്റംസ്. ഇരുവരെയും അറസ്റ്റ് ചെയ്യാൻ അനുമതി തേടി കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള എ.സി.ജെ.എം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. യുഎഇ കോൺസുൽ ജനറലും അറ്റാഷയും ചേർന്ന് ഡോളർ കടത്തിയെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ഇതേ രീതിയിലാണ് ഒമാനിലേക്ക് 1,90,000 ഡോളർ സരിത്തും, സ്വപ്നയും ചേർന്ന് കടത്തിയത്.
![Swapna and Sarit smuggled dollars abroad swapna suresh latest news സ്വപ്‌ന സുരേഷ് വാര്‍ത്തകള്‍ സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍ gold smuggling news](https://etvbharatimages.akamaized.net/etvbharat/prod-images/9234327_j.jpg)
യുഎഇ കോൺസുലേറ്റിലെ എക്‌സ് റേ മെഷീനിൽ ഡമ്മി പരിശോധന നടത്തിയാണ് കടത്തിയത്. യുഎഇ കോൺസുലേറ്റിലെ ജീവനക്കാരനായ ഈജിപ്‌ഷ്യൻ പൗരൻ ഖാലിദും ചേർന്നാണ് ഡോളർ കടത്തിയതെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്. സ്വപ്നയും സരിത്തും ഖാലിദും ചേർന്ന് ആദ്യം ദുബായിലേക്കും അവിടെ നിന്ന് ഒമാനിലേക്കുമാണ് ഡോളർ കടത്തിയത്. ഫെമ നിയമപ്രകാരം സ്വപ്ന, സരിത്ത് എന്നിവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ അനുവദിക്കണമെന്നാണ് കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. ഈ കേസിൽ എം.ശിവശങ്കർ ഇടപെട്ടതായാണ് കസ്റ്റംസ് സംശയിക്കുന്നത്.
അതേസമയം സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകി കോടതിയിൽ സമർപ്പിച്ച മൊഴി ചോർന്നതിൽ കോടതി അതൃപ്തി അറിയിച്ചു. ഇത് ഗൗരവകരമാണെന്നും എ.സി.ജെ.എം കോടതി പറഞ്ഞു. സ്വപ്നയുടെ അഭിഭാഷകനാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്‍റെ മൊഴിയും പുറത്ത് വന്നു. സ്വർണക്കടത്തിനായി 'സി.പി.എം കമ്മിറ്റി' എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയിരുന്നുവെന്ന് സരിത്ത് എൻഫോഴ്‌സ്‌മെന്‍റിന് മൊഴി നൽകി.സന്ദീപ് നായരാണ് ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയത്. പിന്നീട് തന്നേയും കെ.ടി റമീസ്, സ്വപ്ന ഉൾപ്പെടെയുള്ളവരെ ഗ്രൂപ്പിൽ അംഗമാക്കിയത് സന്ദീപാണെന്നും സരിത്ത് വെളിപ്പെടുത്തി. സ്വർണക്കടത്തിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദിനെ തനിക്ക് നേരിട്ട് അറിയില്ലെന്നും റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നും സരിത്തിന്‍റെ മൊഴിയിൽ വ്യക്തമാക്കുന്നു.