എറണാകുളം: മന്ത്രി കെ.ടി.ജലീലിന്‍റെ കസ്റ്റംസ് മൊഴിയെടുക്കൽ പൂർത്തിയായി. ആറര മണിക്കൂർ മൊഴി നൽകിയാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കാര്യാലയത്തിൽ നിന്നും മന്ത്രി മടങ്ങിയത്. ഇന്ന് രാവിലെ കസ്റ്റംസ് കാര്യാലയത്തിൽ ഹാജരാകാനായിരുന്നു മന്ത്രിക്ക് നോട്ടീസ് നൽകിയത്. എന്നാൽ കസ്റ്റംസ് ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൊഴിയെടുക്കൽ സമയം മാറ്റുകയായിരുന്നു. രാവിലെ കസ്റ്റംസ് ഓഫീസ് അണുവിമുക്തമാക്കിയ ശേഷം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മന്ത്രി കെ.ടി.ജലീൽ ഔദ്യോഗിക കാറിൽ കസ്റ്റംസ് ഓഫീസിലെത്തിയത്.
വൈകുന്നേരം ആറരയോടെ ചോദ്യം ചെയ്യൽ പൂർത്തിയായി പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് കസ്റ്റംസിൽ ഓഫീസിൽ നിന്നു തന്നെ തന്‍റെ പ്രതികരണവും സമൂഹ മാധ്യമത്തിൽ മന്ത്രി പങ്കു വെച്ചു. മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട. മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി. ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും സ്വർണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, തനിക്കെതിരെ തെളിവ് കൊണ്ടുവരാനാകില്ലെന്നും മന്ത്രി അവകാശപ്പെടുന്നു.
തന്‍റെ കഴുത്തിൽ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണന്നും മന്ത്രി വ്യക്തമാക്കി. യു.എ.ഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് മന്ത്രിയുടെ മൊഴിയെടുത്തത്. നികുതി ഇളവിലൂടെ കോൺസുലേറ്റ് വഴി മത ഗ്രന്ഥം ഇറക്കുമതി ചെയ്ത് വിതരണം ചെയ്തതില്‍ എഫ്.സി.ആർ,എ നിയമങ്ങളുടെ ലംഘനമുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. ഇത്തരത്തിൽ മതഗ്രന്ഥം ഇറക്കുമതി ചെയ്തതിലെ മന്ത്രിയുടെ പങ്ക് സംബന്ധിച്ചാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
അതേസമയം കോൺസുലേറ്റ് ആവശ്യപ്പെട്ടത് പ്രകാരം മതഗ്രന്ഥ വിതരണത്തിന് സാഹായിക്കുക മാത്രമാണ് ചെയ്തതെന്നാണ് മന്ത്രിയുടെ നിലപാട്. സ്വർണ്ണക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി, സ്വപ്ന സുരേഷുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിലെല്ലാം മന്ത്രിയിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ചോദിച്ചറിഞ്ഞതായാണ് സൂചന. നേരത്തെ എൻ.ഐ.എയും എൻഫോഴ്‌സ്‌മെന്‍റും മന്ത്രിയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, സ്വർണ്ണക്കടത്ത് കേസുകളിൽ മന്ത്രിയുടെ പങ്ക് എന്നിവയായിരുന്നു ഇരു ഏജൻസികളും പരിശോധിച്ചത്. എന്നാൽ മന്ത്രി കെ.ടി.ജലീലിന്‍റെ പങ്ക് സംബന്ധിച്ച് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ മന്ത്രിയെ വിട്ടയച്ചിരുന്നു. സമാനമായ രീതിയിൽ ക്ലീൻചിറ്റ് നൽകിയാണോ മന്ത്രി കെ.ടി ജലീലിനെ ഇന്നും വിട്ടയച്ചതെന്ന് കസ്റ്റംസ് തന്നെയാണ് വ്യക്തമാക്കേണ്ടത്.