എറണാകുളം : സ്വർണക്കടത്തിന്‍റെയും എത്തിക്കുന്ന സ്വര്‍ണം പിടിച്ചെടുക്കുന്നതിന്‍റെയും ബുദ്ധി കേന്ദ്രം അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്. അർജുൻ അന്വേഷണവുമായി സഹകരിക്കുന്നില്ല. വ്യാജ മൊഴികളാണ് നൽകുന്നത്. ഫോൺ ഉൾപ്പടെ തെളിവുകൾ നശിപ്പിച്ച ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
സ്വർണവുമായി ഷെഫീഖ് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന വിവരം അർജുന് അറിയാമായിരുന്നു. പ്രതിയുടെ സ്വർണക്കടത്തിലെ പങ്ക് തെളിയിക്കുന്ന ഫോൺ രേഖകൾ, വാട്‌സ് ആപ്പ് ചാറ്റുകൾ ഉൾപ്പടെ ലഭിച്ചിട്ടുണ്ട്.
സജേഷിന്‍റെ പേരിലുള്ള കാർ അർജുൻ ആയങ്കിയുടേതാണ്. സജേഷ് അർജുന്‍റെ ബിനാമിയാണ്. മറ്റ് വരുമാന സ്രോതസുകളില്ലാത്ത അർജുൻ ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്നും കസ്റ്റംസ് ആരോപിക്കുന്നു.
also read: സ്വർണക്കടത്തിന്‍റെ പങ്ക് രാഷ്ട്രീയ പാർട്ടിക്കും? ക്വട്ടേഷന്‍ സംഘത്തിന്‍റെ ഓഡിയോ പുറത്ത്
രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയായ സ്വർണക്കടത്തിന് അന്തർസംസ്ഥാന ബന്ധങ്ങളുണ്ട്. കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ഷഫീഖിനൊപ്പമിരുത്തി അർജുൻ ആയങ്കിയെ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടു.
അതേസമയം സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്നാണ് അർജുൻ കസ്റ്റംസിന് മൊഴി നൽകിയത്. വിമാനത്താവളത്തിലെത്തിയത് സുഹൃത്ത് റമീസിന് കിട്ടാനുള്ള പണം ഷഫീഖിൽ നിന്ന് സ്വീകരിക്കാനാണ്.
ഫോൺ പുഴയിൽ വീണ് നഷ്ടമായെന്നുമാണ് അർജുൻ കസ്റ്റംസിന് മൊഴി നൽകിയത്. ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിനെ,കോഴിക്കോട് നിന്നും ചോദ്യം ചെയ്യലിനായി കൊച്ചി കസ്റ്റംസ് ഓഫിസിലെത്തിച്ചു.