എറണാകുളം: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ശില്‍പങ്ങളും വിഗ്രഹങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പുലർച്ചെയാണ് കലൂരിലെ വീട്ടിൽ നിന്നും ലോറിയിൽ ശില്‍പങ്ങള്‍ കൊണ്ടുപോയത്. ശില്‍പി സുരേഷ് നൽകിയ പരാതിയിലാണ് തിരുവനന്തപുരത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം എട്ട് ശില്‍പങ്ങള്‍ കസ്റ്റഡിയിലെടുത്തത്.
നടപടി വഞ്ചന കേസില്‍
80 ലക്ഷം വാഗ്‌ദാനം ചെയ്‌തതിനെ തുടർന്ന് ഒമ്പത് ശില്‍പങ്ങൾ മോൻസന് നൽകിയിരുന്നുവെന്നും എന്നാൽ പ്രതിഫലമായി ഏഴ് ലക്ഷം രൂപ മാത്രം നൽകി വഞ്ചിച്ചുവെന്നായിരുന്നു പരാതി. അഞ്ച് വർഷമെടുത്ത് നിർമിച്ച വിശ്വരൂപമുൾപ്പെടെയുളള ശില്‍പങ്ങളാണ് നൽകിയതെന്നും പരാതിക്കാരൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഈ കേസിലാണ് ക്രൈംബ്രാഞ്ച് ശില്‍പങ്ങള്‍ പിടിച്ചെടുത്തത്. ഇവ കോടതിയിൽ ഹാജരാക്കും. ശില്‍പങ്ങളിൽ കാണാതായ ഒന്ന് മറിച്ചു വിറ്റോയെന്നും പരിശോധിക്കും.
ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയ സന്തോഷ് നിരവധി അപൂർവ്വ വസ്‌തുക്കൾ നൽകിയ വകയിൽ മൂന്ന് കോടിയിലധികം രൂപ ലഭിക്കാനുണ്ടെന്ന് അറിയിച്ചിരുന്നു. സന്തോഷ് നൽകിയ ഊന്ന് വടിയാണ് മോശയുടെ അംശവടിയെന്ന് പറഞ്ഞ് മോൻസൻ പലരെയും പറ്റിച്ചത്.
ശ്രീകൃഷ്‌ണന്‍റെ ഉറിയെന്ന പേരിൽ മോൻസണ്‍ പരിചയപ്പെടുത്തിയ ഉറിയും സന്തോഷായിരുന്നു നൽകിയിരുന്നത്. ഇതെല്ലാം പഴയ വസ്‌തുക്കൾ എന്ന നിലയിൽ മാത്രമാണ് താൻ നൽകിയതെന്നും എന്നാല്‍ കഥ മെനഞ്ഞ് തട്ടിപ്പ് നടത്തിയത് മോൻസനാണ് എന്നാണ് സന്തോഷ് മൊഴി നൽകിയത്.
അതേസമയം, മോൻസന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മോൻസനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലന്നാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. ശില്‍പി സുരേഷിന്‍റെ പരാതിയിൽ മോൻസനെ വീണ്ടും അടുത്തയാഴ്‌ച ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയേക്കും.
Read more: മോന്‍സണ്‍ മാവുങ്കലിന്‍റെ കസ്റ്റഡി കാലാവധി മൂന്ന് ദിവത്തേക്ക് നീട്ടി