എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണിക്ക് സാധ്യത. യുവാക്കൾക്കും പുതുമുഖങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്ന കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം വന്നിട്ടുള്ള സാഹചര്യത്തിലാണ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുന്നത്.
സംസ്ഥാന നേതാക്കളുടെ പ്രായപരിധി 75 വയസിൽ കൂടരുത് എന്ന കർശന നിർദേശം കേന്ദ്ര കമ്മിറ്റി മുന്നോട്ടു വച്ചിട്ടുണ്ട്. അതിനാൽ ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, കെ.ജെ.തോമസ്, എം.എം.മണി എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാകും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരനും വൈക്കം വിശ്വനും സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാകുമെങ്കിലും കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ തുടരുന്നുണ്ടെങ്കിൽ ഇരുവർക്കും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയും. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ഇരുവരെയും കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്താൻ ഇടയില്ല എന്നത് കൊണ്ട് ഇരുവരും സംഘടന രംഗത്ത് നിന്ന് വിടവാങ്ങാനാണ് സാധ്യത.
മുതിർന്ന നേതാക്കളെ ഒഴിവാക്കി സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടന
75 വയസ് മാനദണ്ഡം ബാധകമായവര്‍ക്ക് പുറമേ ചില മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കി സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രവര്‍ത്തനം പൂര്‍ണ തൃപ്‌തികരമല്ലെന്ന വിമര്‍ശനം സംഘടന റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സെന്‍ററായി പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ പോലും ചുമതല വേണ്ട വിധം നിറവേറ്റുന്നില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലെ പ്രധാന വിമര്‍ശനം. ഇതു കൂടി പരിഗണിച്ചാണ് സെക്രട്ടേറിയറ്റില്‍ വലിയ മാറ്റത്തിനുള്ള ആലോചനയുള്ളത്.
പി.കെ.ശ്രീമതി, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, എം.വി.ഗോവിന്ദന്‍, തോമസ് ഐസക്ക് എന്നിവരില്‍ ചിലരെ സെക്രട്ടേറിയറ്റില്‍ നിന്ന് മാറ്റിയേക്കും. ഒഴിവാക്കപ്പെട്ടാലും കേന്ദ്ര കമ്മിറ്റി അംഗങ്ങളെന്ന നിലയില്‍ ഇവര്‍ക്ക് സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാൻ കഴിയും. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എ.വിജയരാഘവന്‍, കെ കെ ശൈലജ, പി രാജീവ് എന്നിവര്‍ സെക്രട്ടേറിയറ്റില്‍ തുടരും.
ടി.പി രാമകൃഷ്‌ണനും പി മോഹനനും സെക്രട്ടേറിയറ്റിലെത്തും
ആനത്തലവട്ടത്തിന്‍റെ ഒഴിവില്‍ മുതിര്‍ന്ന നേതാവും സിപിഎം സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനുമായ എം.വിജയകുമാറും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ടി പി രാമകൃഷ്‌ണന് പകരം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനനും സെക്രട്ടേറിയറ്റിലെത്തും. പുതുമുഖങ്ങളായി മന്ത്രിമാരായ അഡ്വ. പി എ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, വി എൻ വാസവൻ എന്നിവരും എംഎൽഎമാരായ എ എൻ ഷംസീർ, കടകംപള്ളി സുരേന്ദ്രൻ, സി കെ രാജേന്ദ്രൻ, എന്നിവരും പട്ടികയിലുണ്ട്.
റിയാസും ഷംസീറും വരുന്നതോടെ ന്യൂനപക്ഷ - മുസ്‌ലിം പ്രാതിനിധ്യം നികത്താൻ കഴിയും. എന്നാൽ ഷംസീറിന് പകരം സംസ്ഥാന സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ അഡ്വ എം സ്വരാജിനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്നാണ് നേതാക്കളിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യം. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ കത്ത് നൽകിയ മുൻ മന്ത്രി ജി സുധാകരൻ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ അദ്ദേഹത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും ഉൾപ്പെടുത്താൻ ആലോചനയുണ്ട്.
READ MORE: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തുടരും, സെക്രട്ടേറിയറ്റിലേക്ക് പുതുമുഖങ്ങൾ