കൊച്ചി: ഞാറയ്ക്കൽ സി ഐ മുരളിയെ സസ്പെന്‍റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിൽ സംഘർഷം. എൽദോ എബ്രഹാം എംഎൽഎ ഉൾപ്പടെ നിരവധി പേർക്ക് പരുക്കേറ്റു. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പൊലീസ് നടത്തിയ ലാത്തി ചാർജിലാണ് എംഎൽഎക്ക് ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റത്.
ഞാറയ്ക്കലിൽ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഞാറയ്ക്കൽ സിഐ അക്രമികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നും ആരോപിച്ചും ക്രിമിനൽ സംഘങ്ങളെ സഹായിക്കുന്ന സിഐ മുരളിയെ സർവീസിൽ നിന്നും സസ്പെന്‍റ് ചെയ്യണമെന്നും ആരോപിച്ചാണ് സിപിഐ മാർച്ച് നടത്തിയത്. ഐജി ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച സിപിഐ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്‌തു.
സി ഐ മുരളിയെ സസ്പെന്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്നും എംഎൽഎ ഉൾപ്പടെ സിപിഐ നേതാക്കളെയും പ്രവർത്തകരെയും മർദിച്ച പൊലീസ് നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായും സിപിഐ ജില്ലാ നേതാക്കൾ അറിയിച്ചു.