എറണാകുളം: കൊവിഡ് വാക്‌സിൻ രണ്ട് ഡോസുകൾ തമ്മിൽ 84 ദിവസം ഇടവേള വേണം എന്ന കേന്ദ്ര സർക്കാർ നിലപാട് ശരിവച്ച് ഹൈക്കോടതി. പണം അടക്കുന്നവർക്ക് ഇടവേളയിൽ ഇളവ് നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ച് ഉത്തരവ് നൽകിയത്.
കിറ്റെക്‌സ് ജീവനക്കാർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി നാലാഴ്‌ച കഴിഞ്ഞതിനാൽ രണ്ടാം ഡോസ് എടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതർ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് അനുകൂല ഉത്തരവ് നൽകിയത്. കൊവിഷീൽഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് നാലാഴ്‌ച കഴിഞ്ഞ് എടുക്കാൻ കഴിയുന്ന വിധത്തിൽ കൊവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാൽ കേന്ദ്ര സർക്കാരിന്‍റെ ദേശീയ കൊവിഡ് വാക്‌സിൻ നയത്തിന് വിരുദ്ധമായ സിംഗിൾ ബെഞ്ചിന്‍റെ വിധി റദ്ദാക്കണമെന്ന ആവശ്യമാണ് കേന്ദ്ര സർക്കാർ അപ്പീൽ ഹർജിയിൽ ആവശ്യപ്പെട്ടത്. രണ്ടാം ഡോസ് 12 ആഴ്‌ച കഴിഞ്ഞ് എടുത്താൽ മതിയെന്ന് വ്യവസ്ഥയുണ്ടെങ്കിലും പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്നവർക്ക് വാക്‌സിൻ എടുക്കാനുള്ള സമയത്തിൽ ഇളവ് അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്.
ദേശീയ കൊവിഡ് വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായ വിദഗ്‌ധ സമിതികളുടെ ശുപാർശകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് രണ്ടാം ഡോസിനുള്ള സമയക്രമം നിശ്ചയിച്ചതെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ചില വിഭാഗങ്ങൾക്ക് ഇളവു നൽകിയത് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞതെന്നും പണം കൊടുത്ത് വാക്‌സിനെടുക്കുന്നവർക്ക് നേരത്തെ വാക്‌സിൻ എടുക്കണോയെന്നു തീരുമാനിക്കാമെന്ന് വിധിയിലുണ്ടെന്നും അപ്പീലിൽ ചൂണ്ടികാണിച്ചിരുന്നു.
ശാസ്ത്രീയ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ രൂപം നൽകിയ നയത്തെ തകർക്കുന്ന വിധിയാണ് സിംഗിൾ ബെഞ്ച് നൽകിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന കേന്ദ്ര സർക്കാർ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു