എറണാകുളം: കോതമംഗലം പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒമ്പതാം വാർഡ് കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ പല്ലാരിമംഗലം പി.എച്ച്.സിയിൽ വച്ച് ആന്‍റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
പഞ്ചായത്തിൽ ആകെ ജാഗ്രതാ നടപടികൾ തുടരും. കണ്ടെയ്‌ന്‍മെന്‍റ് സോണിൽ പ്രവേശനം ഒരു വഴിയിൽ കൂടി മാത്രമായിരിക്കും. ഈ വഴി പൊലീസ് നിരീക്ഷണത്തിലാക്കും. ഈ വഴിയിൽ കൂടി അവശ്യ സർവീസുകള്‍ മാത്രമേ അനുവദിക്കൂ. കണ്ടെയ്‌ൻമെന്‍റ് സോണിൽ അവശ്യ സേവനങ്ങൾക്കുള്ള കടകൾ മാത്രമേ തുറക്കൂ. ഈ കടകൾ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു.
കണ്ടെയ്‌ൻമെന്‍റ് സോണിൽ ആശാ വർക്കർമാരേയും,സന്നദ്ധ പ്രവർത്തകരേയും ഉൾപ്പെടുത്തി റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രവർത്തിക്കും. ജനങ്ങളെ കവലകളിലും,വ്യാപാര സ്ഥാപനങ്ങളിലും കൂട്ടം കൂടുവാൻ അനുവദിക്കില്ല,. മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും സാനിറ്റൈസറും പേര് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനു വേണ്ടിയുള്ള രജിസ്റ്ററും കരുതണം. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. പ്രദേശത്താകെ മൈക്ക് അനൗൺസ്‌മെന്‍റ് വഴി ആവശ്യമായ പ്രചരണം നടത്തുവാനും യോഗത്തിൽ തീരുമാനമായി.