എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ കസ്റ്റഡി നീട്ടണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എസിജെഎം കോടതിയാണ് കസ്റ്റംസ് അപേക്ഷ നിരാകരിച്ചത്.
അർജുൻ ആയങ്കിയെ ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വിടണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. ഏഴ് ദിവസത്തെ കസ്റ്റഡി പൂർത്തിയാക്കിയതിനാൽ വീണ്ടും അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി.
കസ്റ്റംസ് മര്‍ദിച്ചെന്ന് അര്‍ജുന്‍
കസ്റ്റംസ് കസ്റ്റഡിയിൽ മർദനമേറ്റെന്ന് അർജുൻ കോടതിയിൽ പരാതിപ്പെട്ടു. കസ്റ്റഡിയിൽ എടുത്ത് രണ്ടാം ദിവസം ചോദ്യം ചെയ്യലിനിടെ നഗ്നനാക്കി മർദിച്ചെന്നായിരുന്നു പരാതി.
അര്‍ജുനെതിരെ തെളിവുണ്ടെന്ന് കസ്റ്റംസ്
അതേസമയം, രണ്ടാം പ്രതി അർജുൻ ആയങ്കിക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. അർജുൻ ആയങ്കിയും ഭാര്യ അമലയും നൽകിയ മൊഴികളിൽ വൈരുധ്യമുണ്ട്. തന്‍റെ അമ്മ അർജുനെ സാമ്പത്തികമായി സഹായിച്ചിട്ടില്ലന്നാണ് അമല മൊഴി നൽകിയത്.
പ്രതി ആഡംബര ജീവിതം നയിച്ചത് നിയമവിരുദ്ധമായി ലഭിച്ച പണം ഉപയോഗിച്ചാണ്. ടി.പി കേസിലെ പ്രതികളായ കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം അർജുൻ ആയങ്കിയുടെ കണ്ണൂർ സ്വർണക്കടത്ത് സംഘത്തിന് ലഭിച്ചിരുന്നു. ഷാഫിയുടെ വീട്ടിൽ നിന്നും ഇലക്‌ട്രോണിക് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
Read more: കരിപ്പൂർ സ്വർണക്കടത്ത്; അര്‍ജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി
ഇവർ സമൂഹ മാധ്യമങ്ങളിലൂടെ രാഷ്‌ട്രീയ പ്രചാരണം നടത്തി യുവാക്കളെ ആകർഷിച്ചു. ഇവരെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. ഇതിലൂടെ ലഭിച്ച പണവും സ്വർണക്കടത്തിന് ഉപയോഗിച്ചു. ഇതേക്കുറിച്ചും അന്വേഷണം നടത്തണമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.
ഷാഫിയേയും അർജുൻ ആയങ്കിയേയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നും ഷാഫിയെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയെന്നും അർജുന്‍റെ കസ്റ്റഡി നീട്ടൽ അപേക്ഷയിൽ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.