എറണാകുളം: കൊച്ചി മെട്രോ പേട്ട എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ റെയില്‍ പാതയുടെയും സ്റ്റേഷന്‍റെയും നിര്‍മാണത്തിനാവശ്യമായ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി ജില്ല കലക്‌ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഏറ്റെടുത്ത ഭൂമി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു കൈമാറി.
ഏറ്റെടുത്തത് 2.3238 ഹെക്‌ടര്‍ ഭൂമി: ഭൂമി വിട്ടു നല്‍കിയ 80 പേര്‍ക്കും നഷ്‌ടപരിഹാര തുകയും കൈമാറി. ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത സ്ഥലത്തില്‍ 50 ശതമാനം സ്ഥലത്തും മെട്രോ റെയിലിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ പൈലിംഗിന്‍റെ 68 ശതമാനവും ട്രാക്ക് നിര്‍മാണത്തിനാവശ്യമായ പൈലിംഗിന്‍റെ 30 ശതമാനവും പൂര്‍ത്തിയായി.
മെട്രോയുടെ പേട്ട മുതൽ എസ്.എൻ. ജംഗ്ഷൻ വരെയുള്ള പാത ജൂണിൽ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനം സർവീസ് ട്രയൽ തുടങ്ങിയേക്കും. സ്‌പീഡ് ട്രയൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ പരിശോധന അടുത്ത മാസം നടക്കും.
വടക്കേകോട്ട, എസ്.എന്‍ ജംഗ്ഷൻ സ്റ്റേഷനുകളിലെ അഗ്നിരക്ഷാ പരിശോധന ഈ മാസം അവസാനം നടക്കും. കെഎംആർഎൽ നേരിട്ട് നിർമിക്കുന്ന ആദ്യ പാതയാണ് 1.8 കിലോമീറ്റർ നീളമുള്ള പേട്ട എസ്എൻ ജംഗ്ഷൻ പാത. 453 കോടി രൂപയാണ് നിർമാണച്ചെലവ്.
Also read: കൊച്ചി മെട്രോ: ട്രയല്‍ റണ്ണിന് സജ്ജമായി പേട്ട - എസ്.എന്‍ ജങ്‌ഷൻ റെയില്‍ പാത