എറണാകുളം: കോതമംഗലം അടിവാട് ഊന്നുകൽ റോഡിലെ കുഴി നികത്തുവാൻ നടപടി ഉണ്ടാകുന്നില്ലെന്ന് പരാതി. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയുടെ പുതുപ്പാടിയിൽ നിന്നും ദേശീയ പാതയിലെ ഊന്നുകല്ലിലേക്ക് എത്തുന്ന റോഡാണിത്. റോഡിന്‍റെ പുതുപ്പാടി മുതൽ അടിവാട് വരെ പുതിയ ടാറിങ് നടത്തിയെങ്കിലും അടിവാട് മുതൽ പരീക്കണ്ണിവരെ പഴയ അവസ്ഥയിൽ തന്നെ തുടരുകയാണ്.
ഇതിനിടയിൽ അടിവാട് മുതൽ കൂറ്റൻ വേലി വരെയുള്ള ഭാഗത്ത് അറ്റകുറ്റപണികൾ നടത്തിയിരുന്നു. എന്നാൽ പല്ലാരിമംഗലം മോഡേൺ കവലക്കും പഞ്ചായത്ത് കവലക്കും ഇടയിലുള്ള ഭാഗം അറ്റകുറ്റപണിയിൽ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. ഈ ഭാഗത്ത് കട്ട വിരിക്കാമെന്ന് പറഞ്ഞാണ് അറ്റകുറ്റപണികൾ അന്ന് ഒഴിവാക്കിയത്. എന്നാൽ കട്ട വിരിക്കാനുള്ള നടപടികൾ മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. ഇതോടെ റോഡ് തോടായി മാറുകയും ഇരുചക്രവാഹനങ്ങൾക്ക് വരെ യാത്ര ദുരിതമാകുകയും ചെയ്യുന്ന നിലയിലാണ്.
കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിലൂടെ കടന്നു പോകുന്നവർക്ക് പുതുപ്പാടിയിൽ നിന്നും കോതമംഗലം ടൗൺ കടക്കാതെ ഗതാഗത കുരുക്കില്ലാതെ ഊന്നുകല്ലിൽ എത്താവുന്ന റോഡ് ആയതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ദുരിതമായി മാറിയ ഭാഗത്ത് അറ്റകുറ്റപണികൾ നടത്തുവാൻ അടിയന്തര നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.