എറണാകുളം: കൊച്ചിയില്‍ നിന്നും വീടുവിട്ടിറങ്ങിയ ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സഹോദരിമാരായ കുട്ടികളെ ഡല്‍ഹി പൊലീസ് അവിടെ നിന്നും കണ്ടെത്തിയിരുന്നു. കൂടാതെ സംഭവത്തിൽ ഡല്‍ഹി സ്വദേശികളായ ഫൈസാനെയും സുബൈറിനെയും പിടികൂടി എറണാകുളം നോര്‍ത്ത് പൊലീസിനെ ഏൽപിക്കുകയും ചെയ്‌തു.
അന്വേഷണത്തിൽ മൂത്തപെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തി. എന്നാൽ എറണാകുളം പൊലീസ് ഇവരില്‍ ഫൈസാനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. പകരം പെൺകുട്ടികളുടെ സഹോദരന്മാരെ പീഡനക്കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായി കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചു.
ALSO READ:യുവാവിന് ക്രൂര മർദനം, വീഡിയോ റെക്കോഡ് ചെയ്‌ത് പ്രചാരണം; സഹോദരന്മാർ അറസ്റ്റിൽ
മഹിള മന്ദിരത്തിൽ കഴിയുന്ന പെൺകുട്ടികളെ വിട്ടയക്കാൻ തയാറാകുന്നില്ലെന്നും പെണ്‍കുട്ടിയെ സുബൈറിന് വിവാഹം കഴിപ്പിച്ചുനല്‍കണമെന്ന് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. നിര്‍ബന്ധിച്ചതായും കുടുംബം പറയുന്നു. ഇതിന് വഴങ്ങാതായതോടെ ആൺമക്കൾക്കെതിരായ കേസൊതുക്കാനും പെൺകുട്ടികളെ വിട്ടയക്കാനും പൊലീസ് അഞ്ചു ലക്ഷം ആവശ്യപ്പെട്ടതായും പരാതിയുണ്ട്.
ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്‌കുമാര്‍ സ്വമേധയാ കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫിസര്‍, നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എന്നിവരോട് നവംബര്‍ മൂന്നിനകം സംഭവം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷന്‍ നിര്‍ദേശം നല്‍കി.
പ്ലസ് ടു വിദ്യാര്‍ഥിനിയായ മൂത്ത മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനായി സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങിനല്‍കിയിരുന്നു. ഇതിലൂടെ പ്രതികളുമായി അടുപ്പത്തിലാവുകയും ഇവരുടെ നിർദേശപ്രകാരം അനുജത്തിയുമായി പെൺകുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. ഓഗസ്റ്റ് 21ന് രാത്രിയാണ് 35,000 രൂപയുമെടുത്ത് സഹോദരിമാര്‍ വീടുവിട്ടിറങ്ങിയത്. തുടർന്ന് ഡൽഹി പൊലീസ് സഹായത്തോടെ പെൺകുട്ടികളെയും പ്രതികളെയും കണ്ടെത്തുകയായിരുന്നു.