എറണാകുളം: ഒരു നാടിന്‍റെ മുഴുവന്‍ പ്രാര്‍ഥനയും സഫലമായി. ജനിച്ച് അമ്പത്തിനാല് ദിവസത്തിനുള്ളിൽ സ്വന്തം അച്ഛന്‍റെ കരങ്ങൾകൊണ്ട് ക്രൂരത ഏറ്റുവാങ്ങേണ്ടിവന്ന ജോസീറ്റ മേരി ഷൈജു എന്ന പെൺകുഞ്ഞ് ആരോഗ്യത്തോടെ ആശുപത്രിയിൽ നിന്നും മടങ്ങി.
പതിനാല് ദിവസങ്ങൾക്ക് മുമ്പ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെ കുട്ടിയെ ഐസിയുവിൽ നിന്നും പുറത്തേക്കെത്തിച്ചു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി പുല്ലുവഴി സ്നേഹജ്യോതി ശിശുഭവനിലേക്കാണ് മാറ്റുന്നത്.
സിഡബ്ല്യുസി മെമ്പർ വി.എൻ മഞ്ജുള സ്നേഹജ്യോതി ശിശുഭവനിലെ സിസ്റ്റർ ജിസയുടെ കൈകളിൽ കുഞ്ഞിനെ ഏൽപ്പിച്ചു. സംസ്ഥാന ശിശുക്ഷേമ വകുപ്പ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ. കെ.എസ് അരുൺകുമാർ, സംസ്ഥാന വനിതാ കമ്മിഷനംഗം അഡ്വ.ഷിജി ശിവജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്വദേശമായ നേപ്പാളിലേക്ക് മടങ്ങണമെന്ന ആഗ്രഹം കുട്ടിയുടെ അമ്മ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇത് സർക്കാർ വേണ്ടവിധത്തിൽ പരിഗണിക്കുമെന്നും കുട്ടിയുടെ തുടർ ചികിത്സ സർക്കാർ വഹിക്കുമെന്നും കെ.എസ് അരുൺകുമാർ അറിയിച്ചു.
കുട്ടിയുടെ ആരേഗ്യനില സ്വാഭാവികമായ മസ്തിഷ്ക വളർച്ചയെ എത്രത്തോളം ബാധിക്കുമെന്നറിയാൻ തുടർ പരിശോധനകൾ ആവശ്യമാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സോജൻ ഐപ്പ് പറഞ്ഞു. നിറഞ്ഞ സന്തോഷത്തോടെയാണ് ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ കുഞ്ഞിനെ ഏവരും യാത്രയാക്കിയത്.