എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സിബിഐ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സിബിഐ ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്യൽ. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ സ്വപ്‌നയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
ആദ്യമായാണ് സ്വപ്‌ന സുരേഷ് സിബിഐയുടെ മുന്നിലെത്തുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് സ്വപ്‌ന പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒളിച്ച് വയ്ക്കാൻ ഒന്നുമില്ലെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.
സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രതികളേയും ചോദ്യം ചെയ്യും?: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ സിബിഐ കഴിഞ്ഞ മാസം വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സ്വപ്‌നയേയും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികളായ എം ശിവശങ്കർ, സന്ദീപ് നായർ എന്നിവരെയും സിബിഐ ചോദ്യം ചെയ്തേക്കും.
ഇതോടെ ഒരിടവേളയ്ക്ക് ശേഷം ലൈഫ് മിഷൻ കേസ് വീണ്ടും സജീവമാകും. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനായി നൽകിയെന്ന് കേസിൽ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സിബിഐയ്ക്ക് മൊഴി നൽകിയിരുന്നു. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ് ഓഫിസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിനാണ് തുക നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.
ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തെ ശക്തമായി സർക്കാർ എതിർത്തിരുന്നു. എന്നാൽ സിബിഐ അന്വേഷണം തുടരാൻ കോടതി അനുമതി നൽകി. ലൈഫ് മിഷന്‍റെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമാണ കരാർ യൂണിടാക്കിന് നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലായിരുന്നു സിബിഐ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.