എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ കൊച്ചിയിൽ ഇടതു മുന്നണിക്ക് വിജയം. കൊച്ചി കോർപ്പറേഷൻ അറുപത്തി മൂന്നാം ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ ബിന്ദു ശിവൻ 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ പി.ഡി. മാർട്ടിനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തവണ 113 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമായിരുന്നു ഇടതു മുന്നണിക്ക് ലഭിച്ചിരുന്നത്. ഇത്തവണ നില മെച്ചപ്പെടുത്താൻ കഴിഞ്ഞതോടൊപ്പം കോർപ്പറേഷൻ ഭരണത്തിൽ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകാനുള്ള അവസരം കൂടിയാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഇടതുമുന്നണിക്ക് വിജയം അനിവാര്യമായിരുന്നു.
അതേസമയം ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി കോർപ്പറേഷൻ ഭരണം പിടിക്കാനുള്ള യു.ഡി.എഫ് ശ്രമത്തിനാണ് തിരിച്ചടി നേരിട്ടത്. തന്‍റെ വിജയം കൗൺസിലറായിരിക്കെ അന്തരിച്ച കെ.കെ ശിവനുള്ള അംഗീകാരമാണെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ കൂടിയായ ബിന്ദു ശിവൻ പ്രതികരിച്ചു. അദ്ദേഹം തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും അവർ പറഞ്ഞു.
എൽ.ഡി.എഫ് കൗൺസിലർ മരണപ്പെട്ടതിനെ തുടർന്ന് പിറവം നഗരസഭയിലേക്ക് നടന്ന ഉപതെരെഞ്ഞടുപ്പിലും ഇടതുമുന്നണി സ്ഥാനാർഥി വിജയിച്ചു. ഇരുമുന്നണികളും 13-13 എന്ന നിലയിലായിരുന്നു ഇവിടുത്തെ കക്ഷി നില. വിജയിക്കുന്ന മുന്നണിക്ക് ഭരിക്കാൻ കഴിയുന്ന സാഹചര്യത്തിലാണ് ഇടതുമുന്നണിയിലെ അജേഷ് മനോഹർ 26 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആശ്വാസ വിജയം നേടിയത്.
ALSO READ: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു; ആളപായമില്ല